Home Featured ബെംഗളൂരു: ജയനഗറിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച് കോർപ്പറേഷൻ

ബെംഗളൂരു: ജയനഗറിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച് കോർപ്പറേഷൻ

ബെംഗളൂരു: ജയനഗറിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തുടർന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). ഫോർത്ത് ബ്ലോക്കിലെ 27 എ ക്രോസിലെ വഴിയോരക്കച്ചവടക്കാരെയാണ് ബി.ബി.എം.പി. മാർഷൽമാർ വെള്ളിയാഴ്ച ഒഴിപ്പിച്ചത്.കച്ചവടം തുടരാൻ അനുവദിക്കണമെന്ന് കച്ചവടക്കാർ അപേക്ഷിച്ചെങ്കിലും മാർഷൽമാർ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് കച്ചവടക്കാർ നടത്തിയ പ്രതിഷേധം രാത്രി വൈകിയും തുടർന്നു. ബി.ബി.എം.പി. സൗത്ത് സോൺ ജോയിന്റ് കമ്മിഷണർ ജഗദീഷ് കെ. നായിക് സ്ഥലത്തെത്തി കച്ചവടക്കാരുമായി ഒരുമണിക്കൂറോളം ചർച്ച നടത്തിയേശഷം ഏഴുദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി.ശനിയാഴ്ചയും കച്ചവടക്കാർ പ്രതിഷേധിച്ചു.

വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുകയല്ല, അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാർ അടങ്ങിയില്ല.അധികൃതർ നേരത്തേ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഇരുപതു വർഷത്തിലേറെയായി കച്ചവടം നടത്തുന്നവർക്കും ബി.ബി.എം.പി.യുടെ കാർഡ് ഉള്ളവർക്കും കച്ചവടം അവസാനിപ്പിക്കേണ്ടിവന്നു.വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച ബി.ബി.എം.പി.യുടെ നടപടി നിയമവിരുദ്ധമാണെന്ന് സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയൻ അംഗം അഡ്വ. വിനയ് ശ്രീനിവാസ പറഞ്ഞു.

തിരിച്ചറിയൽകാർഡുള്ള കച്ചവടക്കാരെ മുൻകൂർ നോട്ടീസ് നൽകാതെയാണ് ഒഴിപ്പിച്ചത്. പലതവണ ബി.ബി.എം.പി. അധികൃതരെ കണ്ടിരുന്നെന്നും ഉറപ്പുനൽകിയതല്ലാതെ ഇതുവരെ യോഗം വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘കോർപ്പറേഷൻ, പോലീസ്, റെസിഡന്റ് വെൽഫെയർ അസോസിയേഷൻ തുടങ്ങിയവരുടെ ഭാഗത്തുനിന്ന് വഴിയോരക്കച്ചവടക്കാർ ഉപദ്രവം നേരിട്ടു വരുകയാണ്.തിരിച്ചറിയൽ കാർഡുള്ള കച്ചവടക്കാരുടെയും തിരിച്ചറിയൽ കാർഡില്ലെങ്കിലും ബി.ബി.എം.പി.യിൽനിന്ന് വായ്പ ലഭിച്ച കച്ചവടക്കാരുടെയും പേരുവിവരങ്ങൾ കഴിഞ്ഞ ഡിസംബർ 27-ന് കോർപ്പറേഷനിൽ സമർപ്പിച്ചതാണ്.

കച്ചവടക്കാരെ ബുദ്ധിമുട്ടിക്കരുതെന്നാവശ്യപ്പെട്ട് ജനുവരി 11-ന് അധികൃതരെ കാണുകയുംചെയ്തു. എന്നിട്ടും മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കുകയായിരുന്നു’’-അഡ്വ. വിനയ് ശ്രീനിവാസ പറഞ്ഞു. കഴിഞ്ഞ നവംബറിൽ ജയനഗർ ഫോർത്ത് ബ്ലോക്കിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു.

തണുക്കാതെ കേരളം; കുതിച്ചുയര്‍ന്ന് പകല്‍ താപനിലയും

കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യക്തമായ സൂചന നല്കി അന്താരാഷ്‌ട്രതലത്തില്‍ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമാകാനൊരുങ്ങി 2024. മഴ കുറയാന്‍ കാരണമായ എല്‍നിനോ തുടരുന്നതാണ് തണുപ്പ് കുറയാനും ചൂട് കൂടാനുമുള്ള കാരണം.തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാറില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ അവസാനവും ജനുവരി ആദ്യവും തണുപ്പ് മൈനസിലേക്ക് എത്തിയിരുന്നതാണ്. എന്നാല്‍ ഇത്തവണ 10 ഡിഗ്രിയില്‍ താഴേക്ക് കാലാവസ്ഥ എത്തിയത് പോലും അപൂര്‍വമായാണ്. കാലം തെറ്റിയെത്തിയ മഴയും പകല്‍ സമയത്തെ കനത്ത ചൂടും രാത്രിയില്‍ തണുപ്പ് കുറഞ്ഞതുമെല്ലാം ഇതിന്റെ വ്യക്തമായ സൂചനകളാണ്. വരാനിരിക്കുന്നത് കടുത്ത വേനലാണ് എന്നതും ഇക്കാര്യങ്ങളിലൂടെ വ്യക്തമാകുകയാണ്.

സംസ്ഥാനത്ത് പകല്‍ സമയത്ത് കൂടിയ താപനില 32 മുതല്‍ 36 ഡിഗ്രി വരെ എത്തി നില്‍ക്കുകയാണ് നിലവില്‍. ചിലയിടങ്ങളില്‍ താപനില 38 ന് മുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രി സമയത്തെ ശരാശരി താപനില 22നും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇടുക്കിയിലെ വട്ടവടയിലാണ് ഏറ്റവും കുറഞ്ഞ താപനില ഇതുവരെ രേഖപ്പെടുത്തിയത്, 10.2 ഡിഗ്രി സെല്‍ഷ്യസ്. കുണ്ടളയില്‍ 10.8 ഡിഗ്രിയും ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തി.പസഫിക് സമുദ്രത്തില്‍ തുടരുന്ന എല്‍നിനോയാണ് കാലാവസ്ഥ വ്യതിയാനത്തിന് മുഖ്യകാരണമെന്ന് കൊച്ചി കുസാറ്റിലെ റഡാര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് ജന്മഭൂമിയോട് പറഞ്ഞു.

എല്‍ നിനോയുടെ ഭാഗമായി കാറ്റിന്റെ ദിശയിലുണ്ടായ മാറ്റം മൂലം അന്തരീക്ഷ അതിമര്‍ദ മേഖല ഭാരതത്തിന്റെ സമീപത്തായി നിലകൊള്ളുകയാണ്. ഇതിനൊപ്പം അറബിക്കടലില്‍ 1 മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടും കൂടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തീരദേശ മേഖലയും ചൂടുപിടിച്ച്‌ കിടക്കുകയാണ്. പോസിറ്റീവ് ഇന്ത്യന്‍ ഡൈ പോളിന്റെ പോലെ തന്നെ സമാനമായ സാഹചര്യമാണ് ഇത് മൂലം അറബിക്കടലിലുള്ളത്. ഇവ രണ്ടുമാണ് നിലവില്‍ സംസ്ഥാനത്തെ കാലാവസ്ഥയെ തകിടംമറിച്ചത്.ഈ മാസം 3-ാം വാരത്തോടെ കുറച്ച്‌ ദിവസം അല്‍പം തണുപ്പ് കിട്ടാന്‍ സാധ്യതയുണ്ട്.

ജനുവരി കഴിഞ്ഞ് ഫെബ്രുവരി എത്തുന്നതോടെ ചൂട് വീണ്ടും കൂടുമെന്നും ഡോ. അഭിലാഷ് വ്യക്തമാക്കി. അന്തര്‍ദേശീയ തലത്തില്‍ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി 2024 മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.അതേസമയം സംസ്ഥാനത്ത് 2019 ല്‍ ശൈത്യകാലം ഫെബ്രുവരിയിലാണ് അനുഭവപ്പെട്ടത്. പിന്നീടിങ്ങോട്ട് എല്ലാ വര്‍ഷവും കാലാവസ്ഥയില്‍ വ്യക്തമായ മാറ്റം പ്രകടമാണ്. അന്തര്‍ദേശീയ തലത്തില്‍ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി 2024 മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് 2019ല്‍ ശൈത്യകാലം ഫെബ്രുവരിയിലാണ് അനുഭവപ്പെട്ടത്. പിന്നീട് ഇങ്ങോട്ട് എല്ലാ വര്‍ഷവും കാലാവസ്ഥയില്‍ വ്യക്തമായ മാറ്റം പ്രകടമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group