Home Featured ബംഗളൂരു: വന്ധ്യംകരണ ശസ്ത്രക്രിയ; 85 തെരുവുനായ്ക്കള്‍ ചത്തു

ബംഗളൂരു: വന്ധ്യംകരണ ശസ്ത്രക്രിയ; 85 തെരുവുനായ്ക്കള്‍ ചത്തു

ബംഗളൂരു: സൗത്ത് ബംഗളൂരുവില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ 85 തെരുവുനായ്ക്കള്‍ മതിയായ വൈദ്യസഹായം ഇല്ലാത്തതിനാല്‍ ചത്തുവെന്ന് ആരോപണം.സാമൂഹിക പ്രവര്‍ത്തക നവിന കാമത്ത് ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കി.ശസ്ത്രക്രിയ നടത്തിയ നായ്ക്കള്‍ക്ക് അണുബാധയേല്‍ക്കാതിരിക്കാനും രോഗപ്രതിരോധ ശേഷി ഉയര്‍ത്താനും നിര്‍ബന്ധമായും നല്‍കേണ്ട കുത്തിവെപ്പ് നല്‍കാത്തതിനാലാണ് ഇത്രയധികം നായ്ക്കള്‍ ചത്തതെന്ന് പരാതിയില്‍ പറയുന്നു.മൃഗസംരക്ഷണ വകുപ്പിലെ അസി. ഡയറക്ടറായ ഡോ. എം.ജി. ഹള്ളി ശിവറാമാണ് ഇതിന് കാരണമെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ശിവറാമിന്‍റെ കീഴിലുള്ള സംഘമാണ് ഈ മേഖലയിലെ നായ്ക്കള്‍ക്ക് ശസ്ത്രക്രിയ നടത്തിയത്.

ഇതിന് ശേഷം തെരുവിലേക്ക് വിട്ടയച്ച പല നായ്ക്കളും രോഗംമൂലം പ്രയാസപ്പെടുകയായിരുന്നു.തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നവരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും മുഖേനയാണ് താന്‍ ഇക്കാര്യം അറിയുന്നതെന്നും നവിന കാമത്ത് പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇത്രയും നായ്ക്കള്‍ ചത്തത്. 2001ലെ എ.ബി.സി ഡോഗ്സ് റൂള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ ബി.ബി.എം.പി പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്.ചാമരാജ്പേട്ടിലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്‍റര്‍ ആശുപത്രിയിലാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷം മതിയായ കാലാവധി തികയാതെതന്നെ നായ്ക്കളെ തെരുവിലേക്ക് വിടുകയായിരുന്നു.

പ്രതിരോധ കുത്തിവെപ്പ് നല്‍കാത്തതിനാല്‍ കനിയന്‍ ഡിസ്റ്റംബര്‍ പോലുള്ള സാംക്രമിക രോഗങ്ങള്‍ നായ്ക്കള്‍ക്ക് പിടിപെടുകയായിരുന്നു.തുടര്‍ന്ന് ആഴ്ചകള്‍ക്കുള്ളില്‍ നായ്ക്കള്‍ ചത്തു. നായ്ക്കള്‍ക്ക് കുത്തിവെപ്പ് നല്‍കണമെന്ന് ബി.ബി.എം.പി ചീഫ് കമീഷണര്‍ തുഷാര്‍ ഗിരിനാഥിനെ നേരില്‍കണ്ട് അഭ്യര്‍ഥിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.അതേസമയം, ബി.ബി.എം.പിയിലേക്ക് ഡെപ്യൂട്ടേഷനില്‍ വന്ന മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറാണ് താനെന്നും കുത്തിവെപ്പിനുള്ള മരുന്ന് വാങ്ങുക എന്നത് ബി.ബി.എം.പിയുടെ ചുമതലയാണെന്നും തന്‍റേതല്ലെന്നും ഡോ. ശിവറാം പറഞ്ഞു. ഇത്രയധികം നായ്ക്കള്‍ ചത്തതിനെപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

വീടിന്റെ ടെറസില്‍ ബോംബ് നിര്‍മ്മാണം; ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിന് ഗുരുതര പരിക്ക്

ചെന്നൈ: വീട്ടിലെ ടെറസില്‍ നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്. സംഭവം നടന്നത് ചെന്നൈയിലെ അമ്ബത്തൂരിലായിരുന്നു.സ്ഫോടനത്തില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവും നിരവധി കേസുകളിലെ പ്രതിയുമായ ഒട്ടേരി കാര്‍ത്തിക്കിനാണ് ഗുരുതരമായി പരിക്കേറ്റത്.

സ്‌ഫോടനത്തില്‍ കാര്‍ത്തിക്കിന്‍റെ രണ്ടു കൈകളും അറ്റുപോയി. കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈകള്‍ക്കുണ്ടായ മുറിവ് ഗുരുതരമായിരുന്നു ഇതിനെ തുടര്‍ന്ന് കൈകള്‍ മുറിച്ചുമാറ്റി. നാടന്‍ ബോംബ് നിര്‍മ്മാണത്തില്‍ കുപ്രസിദ്ധനാണ് ഇയാള്‍. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അടക്കം ഒട്ടേരി കാര്‍ത്തിക് നാടന്‍ ബോംബ് പ്രയോഗിച്ചിട്ടുണ്ട്.

കൊലപാതക കേസുകളിലും ബോംബ് കേസുകളിലും സ്ഥിരം പ്രതിയാണ് കാര്‍ത്തിക്ക്. ജയിലില്‍ വച്ച്‌ പരിചയപ്പെട്ട വിജയകുമാറുമായി ചേര്‍ന്ന് ബോംബ് നിര്‍മ്മാണം നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഇയാളുടെ വീടിന്‍റെ ടെറസിലായിരുന്നു ബോംബ് നിര്‍മ്മിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ബോംബ് നിര്‍മ്മിച്ചതിനു പിന്നാലെ കാരണം കണ്ടെത്താനുള്ള അന്വേഷണവും വ്യാപിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group