ബെംഗളൂരു : പൊതുസ്ഥലങ്ങളി പുകവലിക്കുന്നവർക്കെ തിരേ പരാതിപെടുന്നതിനായി സംസ്ഥാന പുകയില നിയന്ത്രണ സെല്ലിന്റെ സ്റ്റോപ്പ് ടുബാക്കോ എന്ന ആപ്പ് വരുന്നു. സ്റ്റോപ്പ് ടുബാക്കോ എന്ന ഈ ആപ്പ് രണ്ടുമാസത്തിനുള്ളിൽ എല്ലാവർക്കും ലഭ്യമാകുമെന്നും സംസ്ഥാന പുകയില നിയന്ത്രണ സെല്ല് അറിയിച്ചു.നിയമലംഘനങ്ങൾ സ്ഥിരമായി നടക്കുന്ന പ്രദേശങ്ങളോ സ്ഥാപനങ്ങളോ ഉണ്ടെങ്കിൽ അതിന്റെ ചിത്രങ്ങൾ ആപ്പിലൂടെ പങ്കുവെക്കുക മാത്രമാണ് ചെയ്യേണ്ടത്.
ഇതോടെ സെല്ലിന്റെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് സ്ഥലത്തെത്തി നടപടി സ്വീകരിക്കും.സ്റ്റോപ്പ് ടുബാക്കോ ആപ്പിലൂടെ സ്ഥലത്തിന്റെ വിലാസവും പരാതിക്കാരന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും നൽകാം. പുകയില നിയന്ത്രണ സെല്ലിന്റെ കേന്ദ്രീകൃത കംപ്യൂട്ടർ സംവിധാനത്തിലേക്ക് ഈ വിവരങ്ങൾ എത്തുകയും പരാതി അതത് ജില്ലകളിലേക്കും താലൂക്ക് തലത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡിനും കൈമാറപ്പെടുകയും ചെയ്യും.
തുടർന്ന് പരാതി ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ സ്ക്വാഡ് സ്ഥലത്തെത്തി നടപടി സ്വീകരിക്കും.ഇതിനായി താലൂക്ക് തലത്തിൽ പരാതികൾ പരിഹരിക്കാനും പരിശോധന നടത്താനും വേണ്ട സ്ക്വാഡുകൾ രൂപവത്കരിച്ചുവരികയാണെന്ന് പുകയില നിയന്ത്രണ സെൽ അറിയിച്ചു.
അപകടഭീഷണിയായി മാറി വീണ്ടും കുഴികൾ
ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ കുഴികൾ നികത്തി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. കുഴി നികത്താൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയ്ക്ക് (ബി.ബി.എം.പി.) ഹൈക്കോടതി പലതവണ സമയപരിധി നൽകിയിട്ടും പൂർണമായി നികത്താനായിട്ടില്ല. നേരത്തേ നവംബർ അഞ്ചിനകം കുഴികൾ നികത്തുമെന്നായിരുന്നു ബി.ബി.എം.പി.
കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചിരുന്നത്. ഇത് പാലിക്കാൻ പറ്റാതെ വന്നതോടെ നവംബർ 15-നകം നികത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോഴും പല റോഡുകളിലും കുഴികൾ ഉണ്ട്. മഴകൂടി പെയ്തതോടെ കുഴികളുടെ വ്യാപ്തികൂടുകയും പുതിയ കുഴികൾ രൂപപ്പെടുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ റോഡുകളിലെ കുഴികളിൽ വീണ് അഞ്ചോളം ഇരുചക്രവാഹന യാത്രക്കാർ മരിച്ചിരുന്നു.ഇരുചക്രവാഹനം കുഴിയിൽവീണ് റോഡിലേക്ക് തെറിച്ചു വീഴുന്ന യാത്രക്കാരുടെ ദേഹത്ത് മറ്റു വാഹനങ്ങൾ കയറിയാണ് കൂടുതൽ മരണവും സംഭവിച്ചത്.