ബെംഗളൂരു: മൈസൂരുവിനും ചെന്നൈയ്ക്കുമിടയിലുള്ള വന്ദേഭാരത് എക്സ്പ്രസിനുനേരെ കഴിഞ്ഞ ആറുമാസത്തിനിടെയുണ്ടായ കല്ലേറിൽ തകർന്നത് 64 ജനൽച്ചില്ലുകൾ. ദക്ഷിണ റെയിൽവേയുടെ കീഴിൽ സർവീസ് നടത്തുന്ന വേറൊരു തീവണ്ടിക്കുനേരെയും ഇത്രയധികം കല്ലേറുണ്ടായിട്ടില്ല. തമിഴ്നാടിന്റെ പരിധിയിൽവെച്ച് ഏഴു വ്യത്യസ്ത സംഭവങ്ങളിലായി ഏഴു ജനൽച്ചില്ലുകളാണ് പൊട്ടിയതെന്ന് ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷൻ ചീഫ് പ്രോജക്ട് മാനേജർ ആനന്ദ് രുപനഗുഡി പറഞ്ഞു.
ബാക്കിയുണ്ടായ ആക്രമണങ്ങൾ കർണാടകയിൽവെച്ചാണ്.26 ജനൽച്ചില്ലുകൾ തകർന്നത് ബെംഗളൂരുവിന്റെ പരിധിയിൽ വെച്ചാണെന്ന് ബെംഗളൂരു ഡിവിഷൻ അഡീഷണൽ റെയിൽവേ മാനേജർ കുസുമ പറഞ്ഞു. രാമനഗരയ്ക്കും മാണ്ഡ്യക്കുമിടയിൽവെച്ച് പത്തോളം കല്ലേറുണ്ടായി. ബാക്കി മാലൂരിനും കന്റോൺമെന്റിനുമിടയിൽ വെച്ചാണെന്നും കുസുമ പറഞ്ഞു.64 ചില്ലുകളും ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷൻ മാറ്റിസ്ഥാപിച്ചു. ഇതുവരെ ഇത്തരത്തിൽ തീവണ്ടികൾക്കുനേരെ കല്ലേറുണ്ടായിട്ടില്ലെന്ന് രണ്ട് ഡിവിഷനുകളിലെയും ഉദ്യോഗസ്ഥർ പറഞ്ഞു.
ഈവർഷം ജനുവരി ഒന്നുമുതൽ മേയ് പത്തുവരെ തമിഴ്നാട്ടിൽ 45 തവണ വിവിധ തീവണ്ടികളിൽ കല്ലെറിഞ്ഞെന്ന് റിപ്പോർട്ടുചെയ്തതായി ദക്ഷിണ റെയിൽവേ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മിഷണർ രാജയ്യ പറഞ്ഞു.അതേസമയം, വന്ദേഭാരതിനുനേരെമാത്രം ഇത്രയധികം കല്ലേറുണ്ടാകുന്നതിനുകാരണം കൃത്യമായി എന്താണെന്ന് പറയാൻ റെയിൽവേക്ക് സാധിച്ചിട്ടില്ല. കല്ലെറിയുന്നവരിൽ അധികവും പ്രായപൂർത്തിയാകാത്തവരാണ്.മേയ് ആറിന് ചെന്നൈ ആരക്കോണത്തിന് സമീപം വന്ദേഭാരതിന് കല്ലെറിഞ്ഞതിന് 11 വയസ്സുകാരനെ പോലീസ് പിടികൂടിയിരുന്നു.
തുടർന്ന്, മാതാപിതാക്കളെ വിവരമറിയിക്കുകയും കുട്ടിയെ കൗൺസലിങ് നടത്തി വിടുകയുമാണ് ചെയ്തത്.ബെംഗളൂരു ഡിവിഷനിലുണ്ടായ കല്ലേറുസംഭവങ്ങളിലും പ്രതികൾ അധികവും 10-18 വയസ്സിനിടയിലുള്ളവരാണ്. ഏപ്രിൽ 16-ന് വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിൽമാത്രമാണ് പ്രായപൂർത്തിയായയാൾ അറസ്റ്റിലായത്. വന്ദേഭാരതിന്റെ ഓരോ ജനൽച്ചില്ലിനും 12,000 രൂപവീതമാണ് ചെലവാകുന്നത്. ലേബർ ചാർജായി 8000 രൂപയും ചെലവാകും.64 ചില്ലുകൾ മാറ്റിയതുവഴി ദക്ഷിണ റെയിൽവേക്ക് 12,80,000 രൂപയാണ് ചെലവായത്. 2022 നവംബർ 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മൈസൂരു-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ച് വരും’; തോൽവി സമ്മതിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ
ബെംഗലൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മൈ. ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും വ്യക്തമാക്കി.
സംസ്ഥാനത്ത് ഇത്തവണ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. 224 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 128 സീറ്റുകളിൽ കോൺഗ്രസ് ലീഡ് നേടി മുന്നിലാണ്. ഒരു സീറ്റിൽ വിജയിച്ചു. ഇതോടെ 129 സീറ്റാണ് കോൺഗ്രസിന് ആകെയുള്ളത്. ബിജെപി 67 സീറ്റിലേക്കും ജെഡിഎസ് 22 സീറ്റിലേക്കും വീണു. കല്യാണ രാജ്യ പ്രഗതി പക്ഷ, സർവോദയ കർണാടക പക്ഷ എന്നീ പാർട്ടികൾ ഓരോ സീറ്റിൽ മുന്നിലാണ്. നാല് സ്വതന്ത്രരും മുന്നിലാണ്.