ബെംഗളൂരു :ചെന്നൈ-മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20607) തീവണ്ടിക്കുനേരെ ബെംഗളൂരുവിൽ കല്ലേറ്. തീവണ്ടിയുടെ രണ്ട് ജനൽച്ചില്ലുകൾ പൂർണമായി തകർന്നു.കൃഷ്ണരാജപുരത്തിനും ബെംഗളൂരുകന്റോൺമെന്റ് സ്റ്റേഷനുമിടയ്ക്ക് ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ നേർക്ക് അജ്ഞാതനായ ഒരാൾ കല്ലെറിയുകയായിരുന്നെന്ന് ദക്ഷിണ- പശ്ചിമ റെയിൽവേ അറിയിച്ചു.ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത്എക്സ്പ്രസാണിത്.
ഒത്തുപിടിച്ചാല്‍ ലക്ഷ്വറി ബസ് വരും; എരുമേലി വഴി ബംഗളൂരുവിന്
എരുമേലി: ജനപ്രതിനിധികളും നാട്ടുകാരും ഉത്സാഹിച്ചാല്‍ എരുമേലി ഉള്‍പ്പടെ കിഴക്കന്‍ മലയോര മേഖലയില്‍ നിന്നു ബാംഗ്ലൂരിലേക്കു സൂപ്പര്‍ ലക്ഷ്വറി സര്‍ക്കാര്‍ ബസ് ഓടും.ഇതിനായി കേരള-കര്‍ണാടക സര്‍ക്കാരുകള്‍ ഒന്നിച്ചു നീങ്ങണം.നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ അംബാരി ഉത്സവ് എന്ന പേരില്‍ 1.75 കോടി രൂപ വീതം ചെലവിട്ട് വാങ്ങിയ 50 സൂപ്പര്‍ ലക്ഷ്വറി ബസുകള്‍ അന്തര്‍ സംസ്ഥാന സര്‍വീസ് തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതിന്‍റെ ഉദ്ഘാടനം നടന്നു. ഒപ്പം ആദ്യപടിയായി 15 ബസുകള്‍ സര്‍വീസ് തുടങ്ങി. ഇതില്‍ ചില സര്‍വീസുകള്‍ കേരളത്തിലേക്കുണ്ട്. ഈ സര്‍വീസില്‍ കിഴക്കന്‍ മലയോര മേഖലയെക്കൂടിപരിഗണിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
കര്‍ണാടക ആര്‍ടിസിയുടെ സൂപ്പര്‍ ലക്ഷ്വറി അംബാരി ഉത്സവ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു റൂട്ട് പത്തനംതിട്ട – ബംഗളൂരു ആണ്. പക്ഷേ, കിഴക്കന്‍ മേഖലയിലൂടെയല്ല ഈ റൂട്ട്. പത്തനംതിട്ടയില്‍നിന്നു റാന്നി, എരുമേലി , കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ റൂട്ടില്‍ക്കൂടി ബംഗളൂര്‍ക്കു പോകുന്ന രീതിയില്‍ പെര്‍മിറ്റ് ക്രമീകരിച്ചാല്‍ കിഴക്കന്‍ മേഖലയ്ക്കു ഗുണം ചെയ്യും.
നിലവില്‍ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍നിന്ന് അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ഇല്ല. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലയില്‍ താമസിക്കുന്നവര്‍ക്കാണ് ഈ സൗകര്യം കിട്ടാത്തത്. സ്വകാര്യ സര്‍വീസുകള്‍ നിലവിലുണ്ടെങ്കിലും തിരക്കേറിയാല്‍ പൊള്ളുന്ന ചാര്‍ജ് ആണ്.എരുമേലി വഴി വന്നാല്‍ അന്യ സംസ്ഥാനത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍, ജോലി ചെയ്യുന്നവര്‍, ബിസിനസുകാര്‍, തീര്‍ഥാടകര്‍, ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരിട്ടും എളുപ്പവും യാത്ര ചെയ്യാന്‍ കഴിയും.
ബസിനു നല്ല കളക്ഷന്‍ ലഭിക്കാന്‍ സാധ്യതയുള്ള റൂട്ടാണിത്. നിലവില്‍ ഈ റൂട്ടില്‍ക്കൂടി കേരള, കര്‍ണാടക, തമിഴ്നാട്, പോണ്ടിച്ചേരി ആര്‍ടിസി ബസുകള്‍ ഒന്നും ബംഗളൂരു, മംഗലാപുരം, കൊല്ലൂര്‍, മദ്രാസ്, പോണ്ടിച്ചേരി ഭാഗത്തേക്കു സര്‍വീസ് നടത്തുന്നില്ല. പ്രധാന മലയോര ഹൈവേ കടന്നുപോകുന്ന റൂട്ടാണിത്.
തിരുവോണം, ദീപാവലി, ക്രിസ്മസ്, ന്യു ഇയര്‍, ഈസ്റ്റര്‍ , വിഷു ഉള്‍പ്പെടെ വിശേഷ അവസരങ്ങളില്‍ അന്യ സംസ്ഥാനത്തുനിന്നു കേരളത്തിലേക്കു സര്‍ക്കാര്‍ വക സ്പെഷല്‍ ബസ് സര്‍വീസുകളും സ്പെഷല്‍ ട്രെയിനുകളുമധികമില്ല. ഇതോടെ സ്വകാര്യ ബസുകള്‍ നിരക്ക് കുത്തനെ കൂട്ടും. എന്നാല്‍, ഈ നിരക്കിന് അനുസരിച്ചുള്ള സര്‍വീസും സൗകര്യങ്ങളും പലപ്പോഴും ലഭ്യമല്ലെന്നും നാട്ടുകാര്‍ പറയുന്നു.
അത്യാഡംബരവും സുഖപ്രദവുമായ 20 എസി മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസുകളാണ് അംബാരി ഉത്സവ്. ഒരു ബസില്‍ 40 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സൗകര്യം. കിടക്കാനും ഇരിക്കാനും കഴിയുന്ന 5.9 അടിയുള്ള 40 ബര്‍ത്തുകളാണ് ഓരോ സീറ്റിലും. സ്കാന്‍ഡിനേവിയന്‍ മാതൃകയില്‍ നിര്‍മിച്ച വോള്‍വോയുടെ ബി.എസ് 6 -9600 ശ്രേണിയില്‍പെട്ട 14.95 മീറ്റര്‍ നീളം വരുന്ന ബസാണിത്. ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍, സുരക്ഷയ്ക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാര്‍ഡര്‍, എബിഎസ് ബ്രേക്ക്, 8 എയര്‍ സസ്പെന്‍ഷന്‍ സിസ്റ്റം, ട്യൂബ് ലെസ് ടയറുകള്‍ എന്നിവയുള്ള ബസുകള്‍ ക്ഷീണമില്ലാത്ത യാത്രയാണ് പ്രദാനം ചെയ്യുക. ഓരോ ബര്‍ത്തിലും റീഡിംഗ് എല്‍ഇഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിംഗ് പോയന്‍റ്, വിന്‍ഡോ കര്‍ട്ടന്‍, പുറംകാഴ്ചകള്‍ കാണാന്‍ പനോരമിക് ജനലുകള്‍ എന്നിവയുണ്ട്.
ബംഗളൂരുവില്‍നിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള ആദ്യ സര്‍വിസ് തുടങ്ങി. ശാന്തിനഗറില്‍നിന്നാണ് കേരള ബസുകള്‍ പുറപ്പെടുക. ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കു രണ്ടു ബസുകളും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളുമാണ് നിലവില്‍ ഓടുക.ബംഗളൂരുവില്‍നിന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് എറണാകുളത്തേക്ക് 1,700 രൂപയും തൃശൂരിലേക്ക് 1600 രൂപയും തിരുവനന്തപുരത്തേക്ക് 2100 രൂപയുമാണ് നിരക്ക്. സ്വകാര്യ ബസുകളുടെ ചൂഷണം തടയാന്‍ ഇത്തരം സര്‍ക്കാര്‍ ബസുകളുടെ റൂട്ട് മലയോരമേഖല വഴിയാക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.