ബെംഗളൂരു: ബെലഗാവിയിൽ ഏഴുവയസ്സുകാരനെ നാലുലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ രണ്ടാനച്ഛനും ഇടനിലക്കാരുമുൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ഹുക്കേരി താലൂക്കിലെ സുൽത്താൻപുരിലാണ് സംഭവം. രണ്ടാനച്ഛൻ സദാശിവ് ശിവബസപ്പ മഗ്ദം (32), സുഹൃത്തുക്കളായ ലക്ഷ്മി ബാബു ഗൊൾഭവി (38), സംഗീതാ വിഷ്ണു സാവന്ത് (40), അനസൂയാ ഗിരിമല്ലപ്പ ദൊദ്ദമണി (50) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ ബെലഗാവി സിറ്റിയിലെ ദിൽഷാദ് സിക്കന്ദർ എന്നയാൾക്കാണ് വിറ്റതെന്ന് എസ്.പി. ഭീമശങ്കർ ഗുലേദ് പറഞ്ഞു.
സദാശിവ് ശിവബസപ്പ നാലുമാസംമുൻപാണ് കുട്ടിയുടെ അമ്മ സംഗീതാ ഗുദപ്പ കമ്മാറിനെ (30) വിവാഹംചെയ്തത്. സദാശിവ് ശിവബസപ്പയ്ക്ക് ആദ്യവിവാഹത്തിൽ മക്കളുണ്ടായിരുന്നു. ഈ കുട്ടികളും സംഗീതയുടെ കുട്ടിയും തമ്മിൽ വഴക്ക് പതിവായതോടെയാണ് വിൽക്കാൻ തീരുമാനിച്ചത്. തുടർന്ന് ഇടനിലക്കാരുടെ സഹായത്തോടെ കുട്ടിയെ അനാഥനാണെന്ന് പറഞ്ഞ് ദിൽഷാദ് സിക്കന്ദർക്ക് വിൽക്കുകയായിരുന്നു. അതേസമയം, കുട്ടിയുടെ അമ്മ സംഗീതാ കമ്മാർ കുട്ടിയെ കാണാനില്ലെന്ന് പോലീസിൽ പരാതിനൽകിയിരുന്നു. പോലീസ് അന്വേഷണത്തിലാണ് കുട്ടിയെ ബൈൽഹൊങ്കൽ ഗ്രാമത്തിൽനിന്ന് കണ്ടെത്തിയത്.
മെട്രോ ട്രെയിനിനുമുമ്പിൽ ചാടിയ വിമുക്തഭടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
ബെംഗളൂരു: ഓടുന്ന മെട്രോ ട്രെയിനുമുമ്പിലേക്ക് എടുത്തുചാടിയ വിമുക്തഭടൻ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.മുൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ബിഹാർ സ്വദേശി അനിൽകുമാർ പാണ്ഡെയാണ് (49) മെട്രോ പാളത്തിലേക്ക് ചാടിയത്. ജാലഹള്ളി മെട്രോ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ 10.25-നാണ് സംഭവം.സ്റ്റേഷനിലെ എമർജൻസി ട്രിപ്പ് സിസ്റ്റം പ്രവർത്തിപ്പിച്ച് റെയിൽ പാളത്തിലെ വൈദ്യുതി പ്രവാഹം വിച്ഛേദിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
സംഭവത്തെത്തുടർന്ന് മെട്രോ ഗ്രീൻ ലൈനിൽ 25 മിനിറ്റ് സർവീസ് തടസ്സപ്പെട്ടു. 10.50-ന് സർവീസ് പുനരാരംഭിച്ചതായി ബി.എം.ആർ.സി.എൽ. അറിയിച്ചു.