കൊച്ചി: പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ നടന് ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയ നടനെയാണ് അറസ്റ്റ് ചെയ്തത്.ആദ്യം ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് നടന് അറിയിച്ചിരുന്നു. പിന്നീട് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്ബിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് നടന് അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു.
നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും അവതാരക പരാതി നല്‍കിയിരുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ശ്രീനാഥ് വിഷയം മുഖ്യ ചര്‍ച്ച നടത്തുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയും വ്യക്തമായി. ശ്രീനാഥിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം. നിലവില്‍ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേംബര്‍ നടപടിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് പുതിയ പരാതി ലഭിച്ചിരിക്കുന്നത്. ഇതിനിടെ എഫ് എം റേഡിയോ അവതാരകനോട് സമാനമായ രീതിയില്‍ അസഭ്യം പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു.
വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ശ്രീനാഥ് ഭാസി അറിയിച്ചിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ആരോട് വേണമെങ്കിലും താന്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണെന്നും നടന് വ്യക്തമാക്കി. അവതാരകരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. പരിപാടി നടക്കില്ല എന്ന് പറഞ്ഞാണ് താന്‍ എണീറ്റ് പോയത് എന്നും ആരേയും മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും ശ്രീനാഥ് ഭാസി പ്രതികരിച്ചു.
ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ ഇരു വൃക്കകളും കാണാതായി; പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്
പാറ്റ്ന: ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ ഇരു വൃക്കകളും കാണാതായി. മുസഫര്‍പൂര്‍ ജില്ലയിലെ ഒരു നഴ്സിങ്ങ് ഹോമിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സെപ്റ്റംബര്‍ മൂന്നിന് മുസ്സാഫര്‍പൂരിലെ ശുഭ്കാന്ത് നഴ്സിങ് ഹോമില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി എത്തിയ യുവതിക്കാണ് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്. ശസ്ത്രക്രിയക്കൊപ്പം യുവതിയുടെ വൃക്കകളും നീക്കം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അംഗീകാരമില്ലാതെയാണ് നഴ്സിങ് ഹോം പ്രവര്‍ത്തിച്ചിരുന്നതെന്നും ബീഹാര്‍ പൊലീസ് പ്രതികരിച്ചു. യുവതി മൂന്നുകുട്ടികളുടെ അമ്മയാണ്. സെപ്തംബര്‍ 15 മുതല്‍ ഇവര്‍ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡയാലിസിസ് വിഭാഗത്തില്‍ ചികില്‍സയിലാണ്.
കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഇരു വൃക്കകളും നഷ്ട്ടപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പിക്കാന്‍ സാധിക്കു എന്ന് ഐജിഎംഎസ് ഡോക്ടര്‍മാര്‍ അറിയിച്ചു.ഗര്‍ഭപാത്ര ശസ്ത്രക്രിയക്ക് ശേഷം കഠിനമായ വയറുവേദനയെ തുടര്‍ന്ന് യുവതി ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. അവിടെവെച്ച് നടത്തിയ പരിശോധനകളിലാണ് യുവതിയുടെ വൃക്കകള്‍ കാണാതായ വിവരം ശ്രദ്ധയില്‍പ്പെട്ടതെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ സരോജ് കുമാര്‍ പറഞ്ഞു.
കുറ്റവാളികളെന്ന് സംശയിക്കുന്ന നഴ്സിങ് ഹോം ഉടമ പവന് കുമാര്‍, സഹായി ആര് കെ സിങ് എന്നിവരെ ഉടനെ പിടികൂടാന്‍ മൂന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്ഥിരമായി ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന യുവതിയുടെ ഇപ്പോഴത്തെ നില അതീവ ഗുരുതരമാണെന്നും വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ നേരിയ പുരോഗതിയ്ക്ക് സാധ്യതയുളളു എന്ന് നെഫ്രോളജി വിദഗ്ധന്‍ ഓം കുമാര്‍ അറിയിച്ചു.
ആരോഗ്യനില തൃപ്തികരമാണെങ്കില്‍ മാത്രമേ വൃക്ക നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള വിശദമായ സ്കാനിങ്ങ് പരിശോധനകള്‍ നടത്താന്‍ സാധിക്കു. സി ടി സ്കാന്‍ കൊണ്ട് മാത്രം ഇരുവൃക്കകളും നഷ്ടപ്പെട്ടെന്ന് ഉറപ്പിക്കാന്‍ ആകില്ലെന്നും ഓം കുമാര്‍ പറഞ്ഞു. യുവതിയുടെ ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ഐ ജി എം എസ് തലവന്‍ രഞ്ജിത് ഗുഹ മാധ്യമങ്ങളെ അറിയിച്ചു.