ദില്ലി: വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപന കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദ്ദേശം. ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രതികരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേകം യോഗം ചേർന്ന ശേഷമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദ്ദേശം.
അന്താരാഷ്ട്ര തലത്തിൽ കൊവിഡ് വീണ്ടും ആശങ്കയാകുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് യോഗം വിളിച്ച് ചേർത്തത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ആരോഗ്യ സെക്രട്ടറി, നിതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. രോഗം സ്ഥിരീകരിച്ച സാമ്പിളുകൾ നിർബന്ധമായും ജനിതകശ്രേണീകരണത്തിന് അയക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുകയാണ്. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിറുത്തിവയ്ക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കി. ഗുജറാത്തിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരിച്ചടിച്ചു
വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയാകുന്നത് ഭാരത് ജോഡോ യാത്രയ്ക്കെതിരെ ആയുധമാക്കുയാണ് കേന്ദ്ര സർക്കാർ. മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനും കത്തയച്ചു വാക്സീൻ സ്വീകരിച്ചവരെ മാത്രം യാത്രയിൽ പങ്കെടുപ്പിക്കണം. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മൻസൂക് മാണ്ഡവ്യയുടെ കത്തിലുണ്ട്. ഗാന്ധി കുടുംബം രാജ്യത്തെ നിയമങ്ങൾക്ക് മുകളിലാണോ എന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർ ചോദിച്ചു.
എന്നാല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പിലെ റോഡ് ഷോയിൽ പ്രധാനമന്ത്രി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോൺഗ്രസ് തിരിച്ചടിക്കുന്നത്. പാർലമെൻറ് സമ്മേളനം പോലും കൊവിഡ് മാനദണ്ഡങ്ങൾ ഇല്ലാതെയാണ് നടക്കുന്നത്. യാത്രയിലെ ജനപിന്തുണ കണ്ടാണ് സർക്കാരിന്‍റെ നീക്കമെന്നും കോൺഗ്രസ് പ്രതികരിച്ചു.
’33 ലക്ഷം സബ്സ്ക്രൈബര്‍മാര്‍, അനവധി വ്യാജ വീഡിയോകള്‍’; 3 യൂട്യൂബ് ചാനലുകള്‍ പൂട്ടിച്ച് കേന്ദ്ര സര്‍കാര്‍
ന്യൂഡെല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി കാട്ടി ദശലക്ഷക്കണക്കിന് സബ്സ്ക്രൈബര്‍മാരുള്ള മൂന്ന് യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍കാര്‍ പൂട്ടിച്ചു.യൂട്യൂബ് ചാനലുകളില്‍ പ്രസിദ്ധപ്പെടുത്തിയ പല വീഡിയോകളും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട്ചെക്ക് വിഭാഗം കണ്ടെത്തിയതോടെയാണ് നടപടി. ന്യൂസ് ഹെഡ്‍ലൈന്‍സ്, സര്‍കാരി അപ്ഡേറ്റ്, ആജ് തക് ലൈവ് എന്നീ യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഈ ചാനലുകള്‍ക്ക് ഏകദേശം 33 ലക്ഷം സബ്സ്ക്രൈബര്‍മാരുണ്ടായിരുന്നു. വീഡിയോകള്‍ 300 ദശലക്ഷത്തിലധികം പേര്‍ കണ്ടു.
‘ഈ യൂട്യൂബ് ചാനലുകള്‍ അവരുടെ വീഡിയോകളില്‍ പരസ്യങ്ങള്‍ കാണിക്കുകയും യൂട്യൂബില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി പണം സമ്ബാദിക്കുകയും ചെയ്തു’, മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പച്ചെന്ന കുറ്റത്തിന് നൂറിലധികം യൂട്യൂബ് ചാനലുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബ്ലോക് ചെയ്തിരുന്നു. സുപ്രീം കോടതി, ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, രാഷ്ട്രപതി, രാഹുല്‍ ഗാന്ധി എന്നിവരുടെ ചിത്രങ്ങളടക്കം വച്ചുള്ള വ്യാജപ്രചാരണമാണ് മൂന്ന് ചാനലുകള്‍ നടത്തിയെന്നതാണ് പി ഐ ബി കണ്ടെത്തിയത്.
വസ്തുതാ പരിശോധനാ വിഭാഗം പറയുന്നതനുസരിച്ച്, 2021 മെയ് ആറിന് ന്യൂസ് ഹെഡ്‌ലൈന്‍സ്, ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി, നിതിന്‍ ഗഡ്കരിക്ക് പദവി ലഭിക്കുന്നു’ എന്ന തലക്കെട്ടില്‍ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. നാല് ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഈ വീഡിയോ നഗ്നമായ വ്യാജമെന്നാണ് പിഐബി വിശേഷിപ്പിച്ചത്. 2021 മെയ് 16 ന് സമാനമായ അവകാശവാദം ഉന്നയിച്ചു, പ്രധാനമന്ത്രി രാജിവച്ചെന്നും രാജ്യത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെന്നും വാര്‍ത്ത നല്‍കി. ഇത്തരത്തില്‍ അനവധി വ്യാജ വീഡിയോകള്‍ അപ്‌ലോഡ് ചെയ്‌തെന്ന് പി ഐ ബി ചൂണ്ടികാട്ടി.