ബംഗളൂരു: അവധിക്കാല യാത്രത്തിരക്ക് പരിഗണിച്ച് ബംഗളൂരു- കൊച്ചുവേളി-ബംഗളൂരു റൂട്ടില്‍ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു.ഏപ്രില്‍ 25 മുതല്‍ ജൂണ്‍ അവസാനം വരെ രണ്ടു മാസത്തേക്കാണ് സ്പെഷല്‍ ട്രെയിന്‍ സര്‍വിസ് നടത്തുക. ബംഗളൂരു, കെ.ആര്‍ പുരം, ബംഗാര്‍പേട്ട്, തിരുപ്പത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്ബത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
വിഷു, ഈസ്റ്റര്‍, പെരുന്നാള്‍ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആഘോഷങ്ങള്‍ കഴിഞ്ഞാണ് ട്രെയിന്‍ അനുവദിച്ചത്. കൊച്ചുവേളിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള സ്പെഷല്‍ ട്രെയിന്‍ (06083) ചൊവ്വാഴ്ച വൈകീട്ട് 6.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ബംഗളൂരുവിലെത്തും.
മേയ് രണ്ട്, ഒമ്ബത്, 16, 23, 30, ജൂണ്‍ ആറ്, 13, 20, 25 എന്നീ തീയതികളിലും ഈ ട്രെയിന്‍ ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തും. ബംഗളൂരുവില്‍നിന്ന് ബുധനാഴ്ച ഉച്ചക്ക് 12.45ന് പുറപ്പെടുന്ന സ്പെഷല്‍ ട്രെയിന്‍ (06084) പിറ്റേന്ന് രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. മേയ് മൂന്ന്, 10, 17, 24, 31, ജൂണ്‍ ഏഴ്, 14, 21, 28 തീയതികളിലും ബംഗളൂരുവില്‍നിന്ന് സര്‍വിസ് നടത്തും
ബന്ദിപ്പുര്‍ വനപാതയിലും ഹരിത ഫീസ്
നാഗര്‍ഹോളെ കടുവ സങ്കേതത്തിലെ പാതകള്‍ക്ക് പുറമെ, പുറമെ ബന്ദിപ്പുര്‍ വനപാതയിലും കര്‍ണാടക വനംവകുപ്പ് ഹരിത ഫീസ് ഈടാക്കിത്തുടങ്ങി.ബന്ദിപ്പുര്‍ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയിലാണ് ഞായറാഴ്ച മുതല്‍ ഇരു വശത്തേക്കും പ്രവേശന ഫീസ് ഈടാക്കിയത്. വനപാതയുടെ വികസനത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് പ്രവേശന ഫീസ് ഈടാക്കുന്നത്.
കേരള അതിര്‍ത്തിയില്‍ മുത്തങ്ങ പിന്നിട്ട് മൂലെഹോളെ ചെക്ക്പോസ്റ്റിലും ഗുണ്ടല്‍പേട്ട് ഭാഗത്തുനിന്നുള്ള ചെക്ക്പോസ്റ്റായ മദ്ദൂര്‍ ചെക്ക്പോസ്റ്റിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. ബന്ദിപ്പുര്‍ വനപാതയിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങളില്‍നിന്നും ഞായറാഴ്ച ഹരിത ഫീസ് ഈടാക്കിയിരുന്നു. എന്നാല്‍, നാഗര്‍ഹോളെ വനപാതയില്‍ നേരത്തേ കര്‍ണാടക ഒഴികെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ക്കാണ് പ്രവേശന ഫീസ് ഈടാക്കിയിരുന്നത്.
വനപാതയിലെ വേഗ പരിധി 30 കിലോമീറ്ററാണെന്നും ടിക്കറ്റ് കൈപ്പറ്റി 50 മിനിറ്റിനകം എതിര്‍ഭാഗത്തെ ചെക്ക്പോസ്റ്റ് കടക്കണമെന്നും രസീതില്‍ സൂചിപ്പിച്ചിട്ടുണ്ട്. വനമേഖലയില്‍ വാഹനം നിര്‍ത്തുക, ഫോട്ടോയും വിഡിയോയും പകര്‍ത്തുക, മൃഗങ്ങള്‍ക്ക് തീറ്റ നല്‍കുക, വേഗപരിധി ലംഘിക്കുക തുടങ്ങിയവക്ക് 1000 രൂപ പിഴയീടാക്കുമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
പ്രവേശന ഫീസിനായി മൂലെഹോളെ ചെക്ക്പോസ്റ്റില്‍ വാഹനങ്ങള്‍ തടഞ്ഞതോടെ വനപാതയില്‍ മൂന്നു കിലോമീറ്ററോളം വാഹനങ്ങളുടെ കനത്ത ബ്ലോക്ക് രൂപപ്പെട്ടു. ചരക്കുവാഹനങ്ങള്‍ക്ക് പുറമെ, വിഷു, ഈസ്റ്റര്‍, പെരുന്നാള്‍ അവധി കഴിഞ്ഞ് മലയാളികള്‍ കുടുംബത്തോടെ കര്‍ണാടകയിലേക്ക് മടങ്ങുന്നതിന്റെയും മൈസൂരു, ബംഗളൂരു തുടങ്ങിയയിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെയും വാഹനങ്ങളടക്കം ഗതാഗതക്കുരുക്കില്‍ കുടുങ്ങി.
വനമധ്യത്തിലായതിനാല്‍ വന്യമൃഗ ആക്രമണ ഭീഷണിക്കിടെയാണ് യാത്രക്കാര്‍ മണിക്കൂറുകളോളം വാഹനങ്ങളില്‍ കഴിഞ്ഞത്. ഒടുവില്‍ ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമായതോടെ അല്‍പനേരത്തേക്ക് വാഹനങ്ങളെ പ്രവേശന ഫീസ് ഈടാക്കാതെയും കടത്തിവിട്ടു. ഹരിത ഫീസ് എന്ന പേരില്‍ 20 രൂപയുടെ ടിക്കറ്റിനുവേണ്ടിയാണ് കര്‍ണാടക വനംവകുപ്പ് മണിക്കൂറുകളോളം ബ്ലോക്ക് സൃഷ്ടിച്ച് ഇന്ധന നഷ്ടമുണ്ടാക്കിയതെന്ന് ബംഗളൂരുവിലേക്കുള്ള കാര്‍ യാത്രികരായ കെ.എം. സുമേഷ്, വില്ലിസ് ആന്റണി എന്നിവര്‍ പ്രതികരിച്ചു.
ഫെബ്രുവരി ഒന്നു മുതല്‍ നാഗര്‍ഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിന് കീഴിലെ കുടക് -മൈസൂര്‍ അതിര്‍ത്തിയായ ആനചൗക്കൂര്‍ ചെക്ക്പോസ്റ്റിലും വയനാട്-മൈസൂര്‍ അതിര്‍ത്തിയായ ബാവലി ചെക്ക്പോസ്റ്റിലും ഹരിത ഫീസ് ഈടാക്കിത്തുടങ്ങിയിരുന്നു. മാനന്തവാടി-ബാവലി വഴി, ബാവലി-ഹുന്‍സൂര്‍ വഴി, ബാവലി-കല്ലട്ടി പാതകളിലൂടെ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവര്‍ പ്രവേശന ഫീസ് നല്‍കണം. ചെറുവാഹനങ്ങള്‍ക്ക് 20 രൂപയും ലോറി, ബസ് എന്നിവക്ക് 50 രൂപയുമാണ് ഫീസ്. കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് നൂറുകണക്കിന് വാഹനങ്ങളാണ് ബന്ദിപ്പുര്‍, നാഗര്‍ഹോളെ കടുവസങ്കേതങ്ങളിലൂടെ ദിനേന യാത്ര ചെയ്യുന്നത്.