ബെംഗളൂരു: വരാനിരിക്കുന്ന ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ട്രെയിനുകളില്‍ യാത്രക്കാരുടെ വലിയ തിരക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ.സര് എം. വിശ്വേശ്വരയ്യ ടെര്‍മിനല്‍ ബെംഗളൂരുവിനും വിജയപുരയ്ക്കും ഇടയിലാണ് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നത്. ഫെബ്രുവരി 13 മുതല്‍ 16 വരെയുള്ള കാലയളവിലാണ് ഈ സ്പെഷ്യല്‍ എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. ഉത്സവ സീസണില്‍ ഭക്തര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും സുഗമമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേയുടെ ഈ തീരുമാനം. ശിവരാത്രിയോടനു ബന്ധിച്ച് അവധി ദിനങ്ങള്‍ ഉള്ളതിനാല്‍ തീര്‍ത്ഥാടകര്‍ക്കു പുറമേ സാധാരണ യാത്രക്കാരുടെയും തിരക്കുണ്ടാകും.കര്‍ണാടകയിലെ തന്നെ ഏറ്റവും പ്രശസ്തമായ ശിവരാത്രി ആഘോഷമാണ് വിജയപുരയില്‍ നടക്കുന്നത്. ആയിരക്കണക്കിന് ഭക്തരാണ് ഈ ദിവസം വിജയപുരയിലേക്ക് ഒഴുകിയെത്തുന്നത്. അതിനാല്‍ വലിയ തിരക്കാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.ട്രെയിന്‍ നമ്പര്‍ 06503 എസ്എംവിടി ബെംഗളൂരു – വിജയപുര എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍ ഫെബ്രുവരി 13-ന് (വെള്ളിയാഴ്ച) വൈകിട്ട് 7:15-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7:15-ന് വിജയപുരയിലെത്തും. മടക്കയാത്രയ്ക്കായി ട്രെയിന്‍ നമ്പര്‍ 06504 വിജയപുര – എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യല്‍ ഫെബ്രുവരി 16-ന് (തിങ്കളാഴ്ച) വൈകുന്നേരം 5:30-ന് വിജയപുരയില്‍ നിന്ന് യാത്ര തിരിച്ച് അടുത്ത ദിവസം രാവിലെ 6:30-ന് ബെംഗളൂരുവില്‍ എത്തിച്ചേരും.
യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പ്രധാന സ്റ്റേഷനുകളിലെല്ലാം ഈ ട്രെയിനിന് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. ചിക്കബനവാര, തുമകുരു, അര്‍സികെരെ, ബിരൂര്‍, ദാവണഗെരെ, ഹരിഹാര്‍, ഹാവേരി, ബദാമി, ബാഗല്‍കോട്ട്, അല്‍മാട്ടി തുടങ്ങിയ ഇടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തും. വിവിധ യാത്രാ ക്ലാസുകളിലായി ആകെ 22 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതില്‍ രണ്ട് എസി 2-ടയര്‍ കോച്ചുകള്‍, മൂന്ന് എസി 3-ടയര്‍ കോച്ചുകള്‍, 11 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവ ഉള്‍പ്പെടുന്നു. രാത്രികാല സര്‍വീസ് ആയതിനാല്‍ വിജയപുരയിലെ പുണ്യക്ഷേത്രങ്ങളിലേക്ക് പോകുന്ന ഭക്തര്‍ക്ക് ഈ ട്രെയിന്‍ ഏറെ പ്രയോജനപ്പെടും.ശിവരാത്രി സ്പെഷ്യല്‍ ട്രെയിനിലേക്കുള്ള ബുക്കിംഗ് ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ റെയില്‍വേ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയോ നടത്താവുന്നതാണ്. തിരക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ റെയില്‍വേ അധികൃതര്‍ നിര്‍ദേശിക്കുന്നു.