ബെംഗളൂരു ∙ ഈസ്റ്റർ, വിഷു തിരക്ക് പരിഗണിച്ച് സർവീസ് നടത്താറുള്ള സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കുന്നതു വൈകുന്നു. പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപ് തീർന്നതോടെ ഇനി തത്കാൽ ടിക്കറ്റ് മാത്രമാണ് അവശേഷിക്കുന്നത്. സ്പെഷൽ ട്രെയിനുകൾ നേരത്തേ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കർണാടക–കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്) ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷനൽ മാനേജർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു.
ഈസ്റ്ററിന് ഏപ്രിൽ 5നും 6നും വിഷുവിന് 12നും 13നുമാണ് കൂടുതൽ പേർ നാട്ടിലേക്ക് പോകുന്നത്. ഈ ദിവസങ്ങളിൽ രാത്രി പുറപ്പെടുന്ന ട്രെയിൻ അനുവദിച്ചാൽ ബെംഗളൂരു മലയാളികൾക്കു സൗകര്യപ്രദമാകും. വിഷുവിന് പിന്നാലെ ചെറിയ പെരുന്നാൾ കൂടി വരുന്നതോടെ ഏപ്രിൽ അവസാന ആഴ്ചയിലും തിരക്ക് തുടരും. കഴിഞ്ഞ വർഷം വിഷുവിന് 2 ദിവസം മുൻപ് മൈസൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമായി ഒരു സ്പെഷൽ ട്രെയിൻ അനുവദിച്ചിരുന്നു. റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇതിലെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു.
സ്വകാര്യ ബസുകളിൽ നിരക്ക് 3,500 കടന്നു:ഈസ്റ്റർ, വിഷു സീസൺ തിരക്കിൽ ടിക്കറ്റ് നിരക്ക് രണ്ടിരട്ടിവരെ കൂട്ടി സ്വകാര്യ ബസുകൾ. ഈസ്റ്ററിന് കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്ക് എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളിൽ 3,000–3,500 രൂപവരെയും വിഷുവിന് കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള എസി സ്ലീപ്പർ ബസുകളിൽ 2,500 രൂപ വരെയും നിരക്ക് ഉയർന്നിട്ടുണ്ട്.
ആർടിസി സ്പെഷൽ ബുക്കിങ് തുടരുന്നു:ഈസ്റ്ററിന് മുന്നോടിയായി കേരള, കർണാടക ആർടിസികളുടെ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് പുരോഗമിക്കുന്നു. കേരള ആർടിസി 5നും 6നും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കു 12 സ്പെഷൽ ബസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടക ആർടിസി ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മൂന്നാർ എന്നിവിടങ്ങളിലേക്ക് 2 ദിവസങ്ങളിലായി 16 സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
കേരള ആർടിസിയും കർണാടക ആർടിസിയും സ്പെഷൽ ബസുകളിൽ 20% വരെ അധിക ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്. ഉത്സവ സീസണുകളിൽ ഒരു വശത്തേക്കു മാത്രം യാത്രക്കാർ ഉണ്ടാവുകയും തിരിച്ച് ആരുമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നഷ്ടം കുറയ്ക്കുന്നതിനാണു ഫ്ലെക്സി നിരക്ക് ഏർപ്പെടുത്തുന്നത്.