ബംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് ഒടുവില്‍ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് ദക്ഷിണ പശ്ചിമ റെയില്‍വെ സ്‍പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു.തെക്കന്‍ കേരളത്തിലേക്ക് മൈസൂരു-കൊച്ചുവേളി എ.സി സ്‍പെഷല്‍ (06211) ഡിസംബര്‍ 23ന് ആദ്യ സര്‍വിസും 25ന് രണ്ടാം സര്‍വിസും നടത്തും. ഡിസംബര്‍ 24, 26 തീയതികളില്‍ കൊച്ചുവേളിയില്‍നിന്ന് മൈസൂരുവിലേക്ക് മടക്ക സര്‍വിസ് നടത്തും.
വടക്കന്‍ കേരളത്തിലേക്ക് മൈസൂരു-കണ്ണൂര്‍ എ.സി സ്‍പെഷല്‍ (06221) ഡിസംബര്‍ 30നും ജനുവരി ഒന്നിനുമാണ് സര്‍വിസ്. ഡിസംബര്‍ 31, ജനുവരി രണ്ട് തീയതികളില്‍ ഈ ട്രെയിന്‍ കണ്ണൂരില്‍നിന്ന് മടക്ക സര്‍വിസ് നടത്തും. എന്നാല്‍, ഇവ എ.സി ട്രെയിനുകളാണെന്നതും സര്‍വിസിന്റെ സമയവും സ്റ്റോപ്പും സാധാരണ യാത്രക്കാര്‍ക്ക് തിരിച്ചടിയായി. പുലര്‍ച്ചെ രണ്ടോടെയാണ് സ്‍പെഷല്‍ ട്രെയിനുകള്‍ ബംഗളൂരുവിലെത്തുക.
ഹൊസൂര്‍-സേലം വഴിയുള്ള ട്രെയിനുകളായതിനാല്‍ കെ.ആര്‍ പുരം, വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഗുണം ചെയ്യില്ല. ബംഗളൂരു കന്റോണ്‍മെന്റ് കഴിഞ്ഞാല്‍ തമിഴ്നാട്ടിലെ ഹൊസൂരില്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. ഇതോടെ ഇലക്‌ട്രോണിക് സിറ്റിയടക്കമുള്ള ഐ.ടി മേഖലയിലെ മലയാളികള്‍ ഏറെ ആശ്രയിക്കുന്ന കാര്‍മലാരം സ്റ്റോപ്പ് സ്‍പെഷല്‍ സര്‍വിസിന് പുറത്തായി.
മൈസൂരുവില്‍നിന്ന് രാത്രി 11.30ന് പുറപ്പെടുന്ന മൈസൂരു-കൊച്ചുവേളി സ്‍പെഷലില്‍ (06211) മൈസൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്ക് 1493 രൂപയാണ് അടിസ്ഥാന നിരക്ക്. റിസര്‍വേഷന്‍ ചാര്‍ജും ജി.എസ്.ടിയുമടക്കം 1610 രൂപയാണ് ടിക്കറ്റ് നിരക്ക്. വെള്ളിയാഴ്ചത്തെ സര്‍വിസില്‍ ഏതാനും ടിക്കറ്റുകളും ഞായറാഴ്ചത്തെ സര്‍വിസില്‍ 500 ലേറെ ടിക്കറ്റുകളും തേര്‍ഡ് എ.സിയില്‍ ലഭ്യമാണ്. സെക്കന്റ് എ.സി സീറ്റിന് 2210 രൂപയാണ് റിസര്‍വേഷന്‍ ചാര്‍ജും ജി.എസ്.ടിയുമടക്കമുള്ള നിരക്ക്. വെള്ളിയാഴ്ചത്തെ സര്‍വിസില്‍ ഏതാനും ടിക്കറ്റുകളും ഞായറാഴ്ചത്തെ സര്‍വിസില്‍ 100 ലേറെ ടിക്കറ്റുകളും ലഭ്യമാണ്.
മൈസൂരു ജങ്ഷനില്‍നിന്ന് രാത്രി 11.30ന് പുറപ്പെടുന്ന മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് (06211) മാണ്ഡ്യ (പുലര്‍ച്ചെ 12.02), കെങ്കേരി (പുലര്‍ച്ചെ 01.30) കെ.എസ്.ആര്‍ ബംഗളൂരു (പുലര്‍ച്ചെ 2.10), ബംഗളൂരു കന്റോണ്‍മെന്റ് (പുലര്‍ച്ചെ 2.20), ഹൊസൂര്‍ (3.40), ധര്‍മപുരി (4.50), സേലം (രാവിലെ 7.53), ഈറോഡ് (8.50), തിരുപ്പൂര്‍ (9.43), കോയമ്ബത്തൂര്‍ ജങ്ഷന്‍ (10.42), പാലക്കാട് (11.40), തൃശൂര്‍ (ഉച്ചക്ക് 1.02), ആലുവ (2.00), എറണാകുളം ടൗണ്‍ (2.27), കോട്ടയം ( വൈകീട്ട് 3.57), ചങ്ങനാശ്ശേരി (4.39), തിരുവല്ല (4.52), ചെങ്ങന്നൂര്‍ (5.05), മാവേലിക്കര (5.30), കായംകുളം ജങ്ഷന്‍ (5.41), കൊല്ലം (6.03) വഴി രാത്രി 7.20ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളിയില്‍നിന്ന് തിരിച്ച് ഡിസംബര്‍ 24നും 26നും സ്‍പെഷല്‍ ട്രെയിന്‍ ബംഗളൂരു വഴി മൈസൂരുവിലേക്ക് സര്‍വിസ് നടത്തും. കൊച്ചുവേളിയില്‍നിന്ന് രാത്രി 10ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 7.15ന് മൈസൂരുവിലെത്തുന്ന കൊച്ചുവേളി-മൈസൂരു സ്‍പെഷലില്‍ (06212) ഡിസംബര്‍ 24നും 26നും തേര്‍ഡ് എ.സിയില്‍ 500 ലേറെ ടിക്കറ്റുകള്‍ ലഭ്യമാണ്. സെക്കന്റ് എ.സിയിലാകട്ടെ 150 ലേറെ ടിക്കറ്റുകളുമുണ്ട്.
കൊല്ലം ( രാത്രി 10.57), കായംകുളം (11.35), മാവേലിക്കര (11.47), ചെങ്ങന്നൂര്‍ (പുലര്‍ച്ചെ 12.02), തിരുവല്ല (12.17), ചങ്ങനാശ്ശേരി (12.30), കോട്ടയം (12.45), എറണാകുളം ടൗണ്‍ (2.10), ആലുവ (2.37), തൃശൂര്‍ (3.12), പാലക്കാട് (4.30), കോയമ്ബത്തൂര്‍ (രാവിലെ 6.25), തിരുപ്പൂര്‍ (7.15), ഈറോഡ് (8.15), സേലം (9.25), ധര്‍മപുരി (11.33), ഹൊസൂര്‍ (ഉച്ചക്ക് 1.00), ബംഗളൂരു കന്റോണ്‍മെന്റ് (വൈകീട്ട് 3.48), കെ.എസ്.ആര്‍ ബംഗളൂരു (4.00), കെങ്കേരി (4.21), മാണ്ഡ്യ (5.35) എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.പാലക്കാട് വരെ മൈസൂരു-കൊച്ചുവേളി സ്‍പെഷല്‍ ട്രെയിനിന്റെ അതേ സ്റ്റോപ്പും സമയക്രമവുമാണ് മൈസൂരു-കണ്ണൂര്‍ എ.സി സ്‍പെഷല്‍ (06221) പാലിക്കുക. പാലക്കാട് കഴിഞ്ഞാല്‍ ഒറ്റപ്പാലം (ഉച്ചക്ക് 12.15), ഷൊര്‍ണൂര്‍ (1.00), തിരൂര്‍ (2.00), കോഴിക്കോട് (വൈകീട്ട് 3.00), വടകര (4.00), തലശ്ശേരി (4.35), കണ്ണൂര്‍ (5.15) എന്നിങ്ങനെയാണ് സമയക്രമം. കണ്ണൂര്‍-മൈസൂരു എ.സി സ്‍പെഷല്‍ (06222) കണ്ണൂരില്‍നിന്ന് ഡിസംബര്‍ 31, ജനുവരി രണ്ട് തീയതികളില്‍ സര്‍വിസ് നടത്തും. രാത്രി 8.55 ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചക്ക് 2.30ന് മൈസൂരുവിലെത്തും.
ഈ സര്‍വിസുകള്‍ക്ക് പുറമെ, നവംബര്‍ 21 മുതല്‍ ശബരിമല സ്‍പെഷല്‍ സര്‍വിസ് ആരംഭിച്ച വിജയപുര-കൊല്ലം വീക്ക്‍ലി എക്സ്പ്രസ് സ്‍പെഷല്‍ (07385) ജനുവരി 16 വരെയും ഡിസംബര്‍ നാലിന് ആരംഭിച്ച ബെളഗാവി-കൊല്ലം എക്സ്പ്രസ് വീക്ക്‍ലി സ്‍പെഷല്‍ (07361) ജനുവരി 15 വരെയും സര്‍വിസ് നടത്തും.