കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ശനിയാഴ്ച കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.ഈ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് സോണിയ ഗാന്ധി പ്രചാരണത്തിനിറങ്ങുന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ മണ്ഡലമായ ഹുബ്ബള്ളി -ധാര്‍വാഡ് സെന്‍ട്രലില്‍ സോണിയ ഗാന്ധി റാലിയില്‍ പങ്കെടുക്കും. മഹേഷ് തെങ്കിനകായിയെയാണ് ബി.ജെ.പി ഷെട്ടാറിനെതിരെ രംഗത്തിറക്കിയത്.
മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെ ചൊല്ലി ഷെട്ടാര്‍ പാര്‍ട്ടി വിട്ടത് ബി.ജെ.പിക്ക് ക്ഷീണം ചെയ്തിരുന്നു. സ്വാധീനമുള്ള ലിംഗായത്ത് നേതാവാണ് ജഗദീഷ് ഷെട്ടര്‍. അനുനയ ശ്രമങ്ങളെല്ലാം പാളിയതോടെ ഷെട്ടാറിനെ എന്തുവിലകൊടുത്തും തോല്‍പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഷെട്ടാറിന്റെ വിജയം കോണ്‍ഗ്രസിന്റെ കൂടി അഭിമാന പ്രശ്നമായതിനാല്‍ സോണിയ ഗാന്ധിയെയടക്കം രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് പ്രചാരണം.
ശനിയാഴ്ച ഉച്ചക്ക് 12.30ന് ഹുബ്ബള്ളിയിലെത്തുന്ന സോണിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത ശേഷം വൈകീട്ട് 3.30ന് മടങ്ങും. കര്‍ണാടകയില്‍ ഈയൊരു പ്രചാരണ റാലിയില്‍ മാത്രമാണ് സോണിയ പങ്കെടുക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. മേയ് എട്ടിന് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അവസാനിക്കും. 10 നാണ് വോട്ടെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും.
സംസ്ഥാനത്ത് മധ്യവേനലവധി ക്ലാസുകള്‍ക്ക് കര്‍ശന വിലക്ക്
തിരുവനന്തപുരം:മധ്യവേനലവധിക്കാലത്ത് സ്കൂള്‍ ക്ലാസുകള്‍ കര്‍ശനമായി വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് ഉള്‍പ്പെടെ എല്ലാ സ്കൂളുകള്‍ക്കും വിലക്ക് ബാധകമാണ്.സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ ഓഫിസര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
മധ്യവേനലവധിക്ക് ക്ലാസ് നടത്തുന്നതുവഴി ക്ലാസിലോ യാത്രക്കിടയിലോ കുട്ടികള്‍ക്ക് വേനല്‍ച്ചൂട് മൂലം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് സ്കൂള്‍ അധികാരികള്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ വ്യക്തിപരമായി ഉത്തരവാദികളായിരിക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും നിര്‍ദേശമുണ്ട്.വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാമ്ബുകള്‍ക്കും നിര്‍ബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മറ്റ് ഉത്തരവുകള്‍ പുറപ്പെടുവിക്കാത്തപക്ഷം സ്കൂളുകള്‍ മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തില്‍ അടക്കേണ്ടതും ജൂണിലെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കേണ്ടതുമാണ്.