ബെംഗളൂരു : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഒപ്പം അണിചേരാനെത്തിയ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി . കര്‍ണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, സിദ്ധരാമ്മയ്യ എന്നിവരെ പ്രത്യേകം കണ്ടു . നേതൃത്വങ്ങളുടെ ഭിന്നതയിൽ സോണിയഗാന്ധി അതൃപ്തി അറിയിച്ചു. ഒരുമിച്ച് നിൽക്കണമെന്ന് നിർദേശവും നൽകി. ഇന്നും സോണിയ നേതാക്കളെ നേരിൽ കാണും.
സോണിയ ഗാന്ധിയുടെ അടക്കം പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കുന്ന മല്ലികാര്‍ജുന ഖാര്‍ഗെയുടെ സ്ഥാനാർഥിത്വം ചർച്ചയായി. ഇന്നലെ രാത്രി മൈസൂരുവിലെ കബനി റിസോർട്ടിൽ ആയിരുന്നു നേതാക്കളുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ച.
കോണ്‍ഗ്രസിന്‍റെ ശക്തി പ്രകടനമാക്കി മാറ്റി കര്‍ണാടകയിലെ ഭാരത് ജോഡോ യാത്ര
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസിന്‍റെ ശക്തി പ്രകടനമാക്കി മാറ്റിയാണ് കര്‍ണാടകയിലെ ഭാരത് ജോഡോ യാത്ര. സോണിയാ ഗാന്ധിയേയും പ്രിയങ്കയേയും പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിക്കുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഭിന്നിച്ച് നില്‍ക്കുന്ന നേതൃത്വം ജോഡോ യാത്രയോടെ ഒരുമിക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷ.
കനത്ത മഴ നനഞ്ഞും പ്രസംഗിക്കുന്ന രാഹുലിനെയാണ് ഗാന്ധി ജയന്തി ദിനത്തില്‍ മൈസൂരുവില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ കാണാനായത്. ബിജെപിക്കും ആര്‍എസ്എസ്സിനും രൂക്ഷവിമര്‍ശനവുമായി മഴയത്ത് പ്രസംഗം കത്തികയറി. കേരളത്തില്‍ കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയായിരുന്നു ജോഡോ യാത്രയെങ്കില്‍ കര്‍ണാടകയില്‍ ബിജെപിയെ കടന്നാക്രമിച്ചാണ് പൊതുസമ്മേളനങ്ങള്‍.
കമ്മീഷന്‍ അഴിമതിയും രാഷ്ട്രീയ നിയമനങ്ങളും ഉയര്‍ത്തികാട്ടി പദയാത്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൂടി വേദിയായി. നെയ്ത്തുകാരെയും കര്‍ഷകരെയും കാണുന്ന രാഹുല്‍ മഠവും, മസ്ജിദും, പള്ളിയും സന്ദര്‍ശിക്കുന്നു. പിന്നാക്ക വോട്ടുകള്‍ക്ക് ഒപ്പം മുന്നാക്ക സമുദായത്തിന്‍റെ പിന്തുണ കൂടി ഉറപ്പാക്കാണ് ശ്രമം.
ഇതിനിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന പദയാത്ര 26 ദിവസം പിന്നിട്ടു. കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി രാഹുലും സംഘവും സഞ്ചരിക്കും.
മറ്റന്നാള്‍ സോണിയാ ഗാന്ധിയും വെള്ളിയാഴ്ച പ്രിയങ്കയും യാത്രയില്‍ പങ്കെടുക്കും.കര്‍ണാടക സ്വദേശിയായ ഖാര്‍ഗെയയുടെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായതിനിടെയാണ് ഇരുവരുടെയും സന്ദര്‍ശനം. ഡി കെ , സിദ്ധരാമ്മയ വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഇതിനെ വിലയിരുത്തുന്നത്.