Home Featured പത്തുവരി എക്‌സ്പ്രസ്സ് വേയെന്ന് കര്‍ണാടക മുഖ്യമന്ത്രി; നാല് വരികള്‍ മാഞ്ഞുപോയോയെന്ന് സോഷ്യല്‍ മീഡിയ

പത്തുവരി എക്‌സ്പ്രസ്സ് വേയെന്ന് കര്‍ണാടക മുഖ്യമന്ത്രി; നാല് വരികള്‍ മാഞ്ഞുപോയോയെന്ന് സോഷ്യല്‍ മീഡിയ

ബെംഗളൂരു | നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ വികസന കുതിപ്പ് ഉയര്‍ത്തിക്കാട്ടാന്‍ തെറ്റായ അവകാശവാദം ഉന്നയിച്ച്‌ പരിഹാസ്യനായി മുഖ്യമന്ത്രി.പുതുതായി നിര്‍മിച്ച ബെംഗളൂരു- മൈസുരു എക്‌സ്പ്രസ്സ് വേ പത്തുവരി പാതയാണെന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അവകാശവാദം. എന്നാല്‍, നാലുവരി മാഞ്ഞുപോയോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.പുതിയ എക്‌സ്പ്രസ്സ് വേക്ക് അടിയിലൂടെ വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിന്‍ കടന്നുപോകുന്ന ആകാശ ദൃശ്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച്‌, അതിന് നല്‍കിയ അടിക്കുറിപ്പാണ് പരിഹാസത്തിന് കാരണം.

‘പത്ത് വരി ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ്സ്, തൊട്ടടുത്ത് വന്ദേഭാരത് എക്‌സ്പ്രസ്സും, എന്തൊരു കാഴ്ച’ എന്ന് തുടങ്ങുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. കര്‍ണാടകയിലെ ലോകോത്തര പശ്ചാത്തല സൗകര്യവും അഭൂതപൂര്‍വ വളര്‍ച്ചയുമാണ് ഈ ദൃശ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഈ ട്വീറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കുകയും ചെയ്തു. സാധ്യമായ മികച്ച അടിസ്ഥാന സൗകര്യം നമ്മുടെ ജനം അര്‍ഹിക്കുന്നുവെന്നും അത് നല്‍കാന്‍ നമ്മുടെ സര്‍ക്കാര്‍ എപ്പോഴും അത്യധ്വാനം ചെയ്യുമെന്നും മോദി കുറിച്ചു. എന്നാല്‍, മുഖ്യമന്ത്രി പങ്കുവെച്ച ദൃശ്യത്തിലുള്ള കെംഗേരിയില്‍ നിന്ന് മൈസൂരുവിലേക്കുള്ള എക്‌സ്പ്രസ്സ് വേ ആറുവരിപ്പാതയാണ്. എങ്ങനെ നോക്കിയാലും ദൃശ്യത്തില്‍ ആറ് വരിയേ കാണാനാകുകയുള്ളൂ. ഇതാണ് സൈബര്‍ ലോകം ട്രോളുകള്‍ക്കും പരിഹാസത്തിനും പാത്രമാക്കിയത്.

40 ശതമാനം വെട്ടിക്കുറച്ചിട്ടേ ജനങ്ങള്‍ക്ക് എല്ലാ കാര്യവും ലഭിക്കൂവെന്ന് ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. കര്‍ണാടകയിലെ കരാറുകാരും ജനപ്രതിനിധികളും നാലുവരി കമ്മീഷനടിച്ചു എന്നായിരുന്നു ചിലരുടെ പ്രതികരണം. കര്‍ണാടകയിലെ പദ്ധതികള്‍ക്ക് 40 ശതമാനം കമ്മീഷന്‍ ബി ജെ പി പ്രതിനിധികള്‍ ചോദിക്കുന്നുവെന്ന് ഈയടുത്ത് വിമര്‍ശമുയര്‍ന്നിരുന്നു. പേ സി എം എന്ന പേരില്‍ കോണ്‍ഗ്രസ് ഇത് രാഷ്ട്രീയ പ്രചാരണ ആയുധമാക്കുകയും ചെയ്തു. ഇത് സൂചിപ്പിച്ചാണ് കമ്മീഷന്‍ പരിഹാസം.

മേല്‍പ്പാലത്തിന് അടിയിലെ റെയില്‍വേ പാളങ്ങള്‍ കൂട്ടിയാല്‍ തന്നെ എട്ട് വരിയേ ആകൂവെന്നും ബാക്കി രണ്ട് വരി എവിടെനിന്ന് വന്നുവെന്നും ചിലര്‍ ചോദിച്ചു. നാല് വരികള്‍ ഭൂമിക്കടിയിലാണോയെന്നും അവ സാധാരണക്കാരുടെ ദൃഷ്ടിയില്‍ പതിയില്ലെന്നും ചില വിരുതന്മാര്‍ ട്രോളി. നാലുവരി ഇരട്ട എഞ്ചിന്‍ വിഴുങ്ങിയോയെന്ന് ചിലര്‍ ചോദിച്ചു. പത്ത് വരിയുടെ 40 ശതമാനം നാല് വരിയാണെന്നും രണ്ടെണ്ണം വീതം ഇരട്ട എന്‍ജിനാണെന്നും ചിലര്‍ കുറിച്ചു. 40 ശതമാനം പേസിഎം കമ്മീഷനാണെന്നായിരുന്നു ചിലരുടെ പരിഹാസം.

നാല് വരികള്‍ അദൃശ്യമാണെന്നും നിലവിലെ സര്‍ക്കാറിന്റെ അത്ഭുത പ്രവൃത്തിയാണെന്നും ട്വിറ്ററില്‍ അഭിപ്രായമുയര്‍ന്നു. ദൃശ്യത്തില്‍ പത്ത് വരി കാണുന്നില്ലെങ്കില്‍ കണ്ണ് പരിശോധിക്കൂയെന്നായിരുന്നു ഒരാളുടെ കമന്റ്.ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാ ദൈര്‍ഘ്യം മൂന്നര മണിക്കൂറില്‍ നിന്ന് ഒന്നര മണിക്കൂറായി കുറക്കുന്നതാണ് പുതിയ എക്‌സ്പ്രസ്സ് വേ. 8,500 കോടി രൂപ ചെലവഴിച്ചാണ് പാത നിര്‍മിച്ചത്. മാര്‍ച്ച്‌ മാസത്തിലാണ് എക്‌സ്പ്രസ്സ് വേ ഉദ്ഘാടനം ചെയ്യുക.

You may also like

error: Content is protected !!
Join Our WhatsApp Group