ബംഗളൂരു: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര നടത്താനാകുന്ന ‘ശക്തി’ പദ്ധതിയില്‍ സ്മാര്‍ട്ട് കാര്‍ഡ് വേണമെന്ന നിബന്ധന ഒഴിവാക്കാൻ സാധ്യത.ജൂണ്‍ 11 മുതലാണ് സൗജന്യയാത്ര പദ്ധതി നിലവില്‍വരുന്നത്. ആദ്യത്തെ മൂന്നുമാസം സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും തിരിച്ചറിയല്‍ രേഖ കാണിച്ചാല്‍ ഈ സൗജന്യം ഉപയോഗപ്പെടുത്താം. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നവര്‍ക്ക് കണ്ടക്ടര്‍ പൂജ്യം രൂപ രേഖപ്പെടുത്തിയ ടിക്കറ്റ് നല്‍കും.
പിന്നീടാണ് ശക്തി സ്മാര്‍ട്ട് കാര്‍ഡുകള്‍ വേണ്ടത്.സര്‍ക്കാറിന്റെ സേവ സിന്ധു പോര്‍ട്ടല്‍, കര്‍ണാടക വണ്‍ വെബ്സൈറ്റ്, ബാംഗ്ലൂര്‍ വണ്‍ പോര്‍ട്ടല്‍ എന്നിവയിലൂടെ സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷ നല്‍കാം. ബസ് സ്റ്റേഷനുകള്‍ വഴിയും ഈ കാര്‍ഡുകള്‍ വിതരണം ചെയ്യാൻ സാധ്യതയുണ്ട്. എന്നാല്‍, മൂന്നു മാസത്തിനുശേഷം യാത്ര ചെയ്യാൻ ഈ കാര്‍ഡുകള്‍ വേണമെന്ന നിബന്ധന ഒഴിവാക്കാനും സാധ്യതയുണ്ടെന്ന് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു. സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുക.
കെ.എസ്.ആര്‍.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആര്‍.ടി.സി, കെ.കെ.ആര്‍.ടി.സി എന്നീ നാല് സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് പൊതുബസ് ഗതാഗതം നടത്തുന്നത്.ഇതിന് കീഴിലുള്ള ബസുകളിലാണ് സൗജന്യ യാത്ര നടത്താനാവുക. സംസ്ഥാനത്തിനകത്ത് സര്‍വിസ് നടത്തുന്ന സിറ്റി, ഓര്‍ഡിനറി, എക്സ്പ്രസ് ബസുകളിലാണ് ആനുകൂല്യം. നിലവില്‍ 40 ലക്ഷം സ്ത്രീകളാണ് കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യുന്നത്. പുതിയ പദ്ധതി വരുന്നതോടെ പത്തുശതമാനം കൂടി കൂടും. വര്‍ഷം 4700 കോടി രൂപയാണ് പദ്ധതിചെലവ് കണക്കാക്കുന്നത്.
വനിതകള്‍ക്ക് ഞായറാഴ്ച ഉച്ചക്ക് ഒന്ന് മുതല്‍ സൗജന്യയാത്ര:ബംഗളൂരു: സംസ്ഥാനത്തെ വനിതകള്‍ക്ക് സര്‍ക്കാര്‍ ബസുകളിലെ സൗജന്യയാത്ര ജൂണ്‍11ന് ഉച്ചക്ക് ഒന്നുമുതല്‍. കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ശക്തി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ആദ്യഘട്ട യോഗം വിളിച്ചുചേര്‍ത്തു. വിധാൻ സൗധയില്‍ 11നാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുക. ഉച്ചക്ക് ഒരു മണിക്ക് ശേഷം വനിതകള്‍ക്ക് സൗജന്യയാത്രയും തുടങ്ങാം.
മറ്റുള്ളവര്‍ക്കും യാത്രാസൗജന്യം വേണമെന്ന് ആവശ്യം :ബംഗളൂരു: സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി ആനുകൂല്യം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളായ ആണ്‍കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അനുവദിക്കണമെന്ന് ആവശ്യം. ബംഗളൂരുവിലെ ബസ് യാത്രക്കാരുടെ സംഘടനയായ ബംഗളൂരു ബസ് പ്രയാണികാര വേദികേ (ബി.ബി.പി.വി.) ഈയാവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം നല്‍കി.
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വയോധികര്‍ക്കും സൗജന്യയാത്ര അനുവദിച്ചാല്‍ സര്‍ക്കാറിന് അധിക സാമ്ബത്തിക ബാധ്യത വരില്ല. വലിയൊരു വിഭാഗം വയോധികരും യാത്രക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരാണ്.അതേസമയം, സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത് തങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ സ്വകാര്യ ബസുകള്‍ സജീവമാണ്. ആയിരക്കണക്കിനാളുകളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കണ്ടെത്തുന്നത്.
ഇതിനാല്‍ തങ്ങള്‍ക്ക് പ്രത്യേക സബ്‌സിഡിയും നികുതിയിളവും അനുവദിക്കണം. സ്ത്രീകള്‍ മുഴുവൻ സര്‍ക്കാര്‍ ബസുകളെ ആശ്രയിക്കുന്നതോടെ സ്വകാര്യബസ് വ്യവസായം പൂര്‍ണമായും തകരും. നിരവധി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും ഉടമകള്‍ പറയുന്നു.