ബംഗളൂരു: ഏറെനാളായി അടഞ്ഞു കിടന്നിരുന്ന തകര്‍ന്ന വീട്ടില്‍ നിന്ന് അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ചിത്രദുര്‍ഗയിലെ ചല്ലക്കെരെ ഗേറ്റിന് സമീപം ജയില്‍ റോഡിലെ ജീര്‍ണിച്ച വീട്ടില്‍ നിന്നാണ് അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.ഈ വീട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയതെന്നു സംശയിക്കുന്നു.പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച ജഗന്നാഥ് റെഡ്ഡിയുടെ വീടാണിത്. വീടിനു മുന്നില്‍ റിട്ടയേര്‍ഡ് എൻജിനീയര്‍ എന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. ഭാര്യ പ്രേമക്ക, മകള്‍ ത്രിവേണി, മക്കളായ കൃഷ്ണ റെഡ്ഡി, നരേന്ദ്ര റെഡ്ഡി എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്.
ഏകദേശം 4 വര്‍ഷം മുമ്ബ് ഇവ മരിച്ചതാകാമെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. ജഗന്നാഥ് റെഡ്ഡിയും ഭാര്യ പ്രേമയും മക്കളുമാണ് മരിച്ചതെന്ന് പോലീസ് സൂചിപ്പിച്ചു.ജഗന്നാഥ് റെഡ്ഡിക്ക് മൂന്ന് ആണ്‍മക്കളും ഒരു മകളുമുണ്ടെന്ന് പറയപ്പെടുന്നു. തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് കുടുംബം നയിച്ചിരുന്നതെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയായിരുന്നെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ജഗന്നാഥ് റെഡ്ഡിയുടെ ഭാര്യ രോഗബാധിതയായതിനാല്‍ രണ്ട് കോടി രൂപ ചെലവഴിച്ച് ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല. ഈ കുടുംബം ആരെയും വീടിന്റെ അകത്തേക്കു പ്രവേശിപ്പിച്ചിരുന്നില്ല. ആരെങ്കിലും ചെന്നാല്‍ വാതില്‍ തുറക്കാതെ ജനലിലൂടെ മാത്രമാണ് സംസാരിക്കാറുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അഞ്ചുപേരെയും അവസാനമായി കണ്ടത് 2019 ജൂലൈയിലാണ്. ഏകദേശം രണ്ട് മാസം മുമ്ബ് പ്രധാന തടി വാതില്‍ തകര്‍ന്നതായി നാട്ടുകാര്‍ ശ്രദ്ധിച്ചു, വീടിന്റെ ഗേറ്റിന് സമീപത്ത് നിന്ന് മരിച്ചയാളുടെ തലയോട്ടി കണ്ടെത്തിയതോടെയാണ് സംഭവം പോലീസില്‍ അറിയിച്ചത്. തെരുവ് നായ്‌ക്കള്‍ ഇതിലൂടെ അകത്ത് കടന്ന് തലയോട്ടി വീടിന് പുറത്തേക്ക് കൊണ്ടുവന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.2019 കലണ്ടര്‍ വീട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ജഗന്നാഥ് റെഡ്ഡിയുടെ ബന്ധുവായ പവൻ കുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജഗന്നാഥ് റെഡ്ഡിയുമായി വര്‍ഷങ്ങളായി തനിക്ക് ബന്ധമില്ലെന്നാണ് പരാതിക്കാരന്റെ വാദം.
വീടിനുള്ളിലേക്ക് ഒന്നിലധികം തവണ പുറത്തുനിന്നുള്ളവര്‍ അതിക്രമിച്ചുകയറിയതായും മോഷണം നടന്നതായും കൂടുതല്‍ പരിശോധനയില്‍ കണ്ടെത്തി. ഒരു മുറിയില്‍ നാല് അസ്ഥികൂടങ്ങളും (കട്ടിലില്‍ രണ്ട്, തറയില്‍ രണ്ട്) മറ്റൊരു മുറിയില്‍ മറ്റൊരു അസ്ഥികൂടവും ഉണ്ടായിരുന്നു. ഈ വീട്ടില്‍ നിന്ന് ഓക്‌സിജൻ സിലിണ്ടറും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള സംഘവും ഫോറൻസിക് സയൻസ് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. ഫോറൻസിക് റിപ്പോര്‍ട്ടിന് ശേഷമേ മരിച്ചവരുടെ പേരുവിവരം സ്ഥിരീകരിക്കൂ.