ബെംഗളൂരു എയർപോർട്ട് റൂട്ടിലെ ആറ് മെമു ട്രെയിൻ സർവീസുകൾ അനിശ്ചിത കാലത്തേക്ക് റദ്ദാക്കി സൗത്ത് വെസ്റ്റേൺ റെയിൽവേ. ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിൽ നിന്ന് വിമാനത്താവള സ്റ്റേഷനായ കെഐഎ (കെംപഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട്) ഹാൾട്ടിനെ ബന്ധിപ്പിച്ചുള്ള ചിക്കബെല്ലാപുര മെമു ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കുപ്പം യാഡ് നവീകരണത്തിൻ്റെ ഭാഗമായാണ് ട്രെയിൻ സർവീസുകളിലെ ക്രമീകരണം. റദ്ദാക്കിയ ട്രെയിനുകൾ ഏതൊക്കെയാണെന്ന് വിശദമായി അറിയാം.
ട്രെയിൻ നമ്പർ 06535 / 06536 ചിക്കബെല്ലാപുര – ബെംഗളൂരു കൻ്റോൺമെൻ്റ് – ചിക്കബെല്ലാപുര, 06537 / 06538 ചിക്കബെല്ലാപുര – ബെംഗളൂരു കൻ്റോൺമെൻ്റ് – ചിക്കബെല്ലാപുര, 06532 / 06531 ചിക്കബെല്ലാപുര – ബെംഗളൂരു കൻ്റോൺമെൻ്റ് – ചിക്കബെല്ലാപുര ട്രെയിൻ സർവീസുകളാണ് ഇന്നുമുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയിരിക്കുന്നത്.
ബെംഗളൂരുവിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകാൻ യാത്രക്കാർ കൂടുതലായി ഉപയോഗിക്കുന്നത് മെമു ട്രെയിൻ സർവീസുകളാണ്. 06535 ചിക്കബെല്ലാപുര – ബെംഗളൂരു കൻ്റോൺമെൻ്റ് മെമു രാവിലെ 08:20 ചിക്കബെല്ലാപുരയിൽ നിന്ന് പുറപ്പെട്ട് 08:52ന് കെഐഎ ഹാൾട്ട് സ്റ്റേഷൻ പിന്നിട്ട് 10:40നായിരുന്നു ബെംഗളൂരു കൻ്റോൺമെൻ്റിലെത്തുന്നത്. 06536 മെമു 11:00 മണിയ്ക്ക് ബെംഗളൂരു കൻ്റോൺമെൻ്റിൽ നിന്ന് പുറപ്പെട്ട് 11:52ന് എയർപോർട്ട് സ്റ്റേഷനിലെത്തുന്ന സർവീസാണ്
06532 ചിക്കബെല്ലാപുര – ബെംഗളൂരു കൻ്റോൺമെൻ്റ് മെമു വൈകീട്ട് 06:50ന് ചിക്കബെല്ലാപുരയിൽ നിന്ന് പുറപ്പെട്ട് 07:22ന് കെഐഎ ഹാൾട്ട് സ്റ്റേഷൻ പിന്നിട്ട് 09:05നായിരുന്നു ബെംഗളൂരു കൻ്റോൺമെൻ്റിലെത്തുന്നത്. 06531 മെമു രാവിലെ 0:10 മണിയ്ക്ക് ബെംഗളൂരു കൻ്റോൺമെൻ്റിൽ നിന്ന് പുറപ്പെട്ട് 06:04ന് എയർപോർട്ട് സ്റ്റേഷനിലെത്തുന്ന സർവീസായിരുന്നു
അതേസമയം, കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര എന്നിവിടങ്ങളിൽ നിന്നുള്ള മെമു ട്രെയിനുകൾ പതിവുപോലെ സർവീസ് നടത്തും. വിമാനത്താവളത്തിലെ ജീവനക്കാർ ഉൾപ്പെടെയുള്ള പലരും മെമു സർവീസുകളെ പതിവായി ആശ്രയിക്കുന്നുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലും ഒരാഴ്ചയോളം മെമു സർവീസുകൾ റദ്ദാക്കിയിരുന്നു.