ബെംഗളൂരു : ഐ.എസ്.ബന്ധമുള്ളയാളുമായി വേദിപങ്കിട്ടെന്ന ആരോപണം തെളിയിക്കാൻ മുതിർന്ന ബി.ജെ.പി. നേതാവും മുൻമന്ത്രിയുമായ ബസനഗൗഡ പാട്ടീൽ യത്നലിനെ വെല്ലുവിളിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹുബ്ബള്ളിയിൽനടന്ന സമ്മേളനത്തിൽ മുസ്‌ലിം മതനേതാവായ സയ്യിദ് തൻവീർ ഹാഷ്‌മിക്കൊപ്പം പങ്കെടുത്തതിനാണ് യത്നൽ സിദ്ധരാമയ്യക്കെതിരേ ആരോപണമുന്നയിച്ചത്. തൻവീർ ഹാഷ്മിഐ.എസ്.ബന്ധമുള്ളയാളാണെന്നായിരുന്നു യത്നലിന്റെ ആരോപണം. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് യത്നൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചിരുന്നു.
കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്താൻ സിദ്ധരാമയ്യ യത്നലിനോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ ബി.ജെ.പി.ക്ക് ഭരണമുള്ളതിനാൽ ഇതിന് പ്രയാസമുണ്ടാകില്ലെന്നും പറഞ്ഞു. സയ്യിദ് തൻവീർ ഹാഷ്‌മിയുമായി തനിക്ക് വർഷങ്ങളായുള്ള ബന്ധമുണ്ട്. യത്നലിന്റെ ആരോപണം തെളിയിക്കാൻ ഹാഷ്‌മിയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.തിങ്കളാഴ്ച ഹുബ്ബള്ളിയിൽനടന്ന ദക്ഷിണേന്ത്യയിലെ മുസ്ലിം മതനേതാക്കളുടെ സമ്മേളനമായ ഔലാദ്- ഇ-ഗൗസ്-ഇ-അസാമിൽ സിദ്ധരാമയ്യ പങ്കെടുത്തതിനാണ് ആക്ഷേപമുയർന്നത്.
തനിക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാൽ രാജ്യം വിടാമെന്ന് ആരോപണവിധേയനായ മതനേതാവ് സയ്യിദ് തൻവീർ ഹാഷ്‌മി പറഞ്ഞു. തെളിയിച്ചില്ലെങ്കിൽ യത്നൽ എം.എൽ.എ.സ്ഥാനം രാജിവെച്ച് പാകിസ്‌താനിലേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എപ്പോഴെങ്കിലും എല്ലാവിശേഷങ്ങളും കേള്‍ക്കുമെന്ന് റുവൈസ്; 14 ദിവസം റിമാൻഡില്‍
ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡോ. റുവൈസ് 14 ദിവസം റിമാൻഡില്‍. വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഡിസംബര്‍ 21 വരെ പ്രതിയെ റിമാൻഡ് ചെയ്ത് ഉത്തരവിട്ടത്.വ്യാഴാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈകിട്ടോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റുവൈസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘തന്റെ ഭാഗത്തുനിന്ന് ആരെങ്കിലും എപ്പോഴെങ്കിലും എല്ലാവിശേഷങ്ങളും കേള്‍ക്കും’, എന്നായിരുന്നു ഇയാളുടെ വാക്കുകള്‍.ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്ന് ഡോ. റുവൈസിനെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചതിന് തെളിവുകള്‍ ലഭിച്ചതായി പോലീസും പ്രതികരിച്ചിരുന്നു. അതേസമയം, പ്രതിയുടെ ഫോണില്‍നിന്ന് ചില ചാറ്റുകള്‍ നീക്കംചെയ്തതായി സൂചനയുണ്ട്. ഇത് വീണ്ടെടുക്കാനായി പോലീസ് സൈബര്‍ ഫൊറൻസിക് വിഭാഗത്തെ സമീപിക്കും.തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്ളാറ്റില്‍ ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രാത്രി സര്‍ജറി ഐ.സി.യു.വില്‍ ഡ്യൂട്ടിക്ക് വരേണ്ട ഷഹന എത്താത്തതിനാല്‍ സഹപാഠികള്‍ അന്വേഷിച്ചെത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസിനെ വിളിച്ച് മുറിതുറന്നതോടെയാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടൻ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനസ്തേഷ്യ മരുന്ന് കുത്തിവെച്ചാണ് ഡോക്ടര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.ഷഹനയെ വിവാഹം കഴിക്കാനായി റുവൈസാണ് സമ്മര്‍ദം ചെലുത്തിയതെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിസംഘടന പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ സജീവമായ റുവൈസിനെക്കുറിച്ച് ഷഹനയ്ക്ക് നല്ലമതിപ്പായിരുന്നുവെന്നും സഹോദരൻ പ്രതികരിച്ചിരുന്നു. എന്നാല്‍, വിവാഹം ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോള്‍ ഉയര്‍ന്ന സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടതെന്നും 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറുമാണ് ഇവര്‍ ചോദിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്