ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയാകുന്നു. തന്റെ ബയോ പിക്കിനായി സിദ്ധരാമയ്യ അര്‍ധസമ്മതം മൂളി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ആഗസ്റ്റ് 3 ന് നടന്ന സിദ്ധരാമയ്യയുടെ 75-ാം പിറന്നാള്‍ സമുചിതമായി ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ ജീവിതം സിനിമായാക്കാന്‍ ആലോചനകള്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ട്.
സിദ്ധരാമയ്യയുടെ അനുയായികളും ചില സിനിമാപ്രവര്‍ത്തകരുമാണ് ബയോ പിക്കിന് പിന്നില്‍. ആദ്യം സിനിമയ്ക്ക് സമ്മതം നല്‍കാതിരുന്ന സിദ്ധരാമയ്യ ഇപ്പോള്‍ മനസ് മാറ്റിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. തെന്നിന്ത്യയിലെ സൂപ്പര്‍താരത്തെ ആണ് സിദ്ധരാമയ്യയുടെ വേഷം ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്…
1
വിപുലമായ ആഘോഷങ്ങളായിരുന്നു സിദ്ധരാമയ്യയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അനുയായികള്‍ സംഘടിപ്പിച്ചത്. 1500 ഓളം പാചകക്കാര്‍ ചേര്‍ന്ന് അഞ്ച് ലക്ഷം മൈസൂര്‍ പാക്കുകള്‍ ഉണ്ടാക്കി വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ എന്ന ചിന്തയും ഉരുത്തിരിഞ്ഞത്. മുന്‍ മന്ത്രിയും കനകഗിരി മണ്ഡലത്തിലെ മുന്‍ എം എല്‍ എയുമായ ശിവരാജ് തംഗദഗിയുടെ നേതൃത്വത്തില്‍ ആണ് ബയോപിക്കിനെ കുറിച്ചുള്ള ആദ്യ ചര്‍ച്ച നടന്നത്.
2
ബയോ പിക്ക് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ചിലര്‍ വന്നിരുന്നു എന്നും അതില്‍ കൂടുതല്‍ തനിക്കൊന്നും അറിയില്ല എന്നുമാണ് സിദ്ധരാമയ്യ ഇതിനെ കുറിച്ച് പറഞ്ഞത്. താന്‍ അഭിനയിക്കില്ല എന്നും തനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്നും സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞിരുന്നു. അതേസമയം സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയാക്കാന്‍ തന്റെ നിയോജക മണ്ഡലത്തിലെ ചില യുവാക്കള്‍ ശ്രമം നടത്തുന്നുണ്ടെന്ന് തംഗദഗി പറഞ്ഞു.
3
ഇതിനായി ‘എം എസ് ക്രിയേഷന്‍സ്’ എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്ബനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തംഗദഗി പറഞ്ഞു. സിദ്ധരാമയ്യയെ ആദ്യം കണ്ടപ്പോള്‍ അദ്ദേഹം തെരഞ്ഞെടുപ്പ് തിരക്കുകള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറിയിരുന്നു. പക്ഷേ തീയതി നിശ്ചയിച്ച് അദ്ദേഹത്തെ വീണ്ടും കാണണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഡിസംബര്‍ 6,7 അല്ലെങ്കില്‍ 8 തീയതികളില്‍ അദ്ദേഹത്തിന്റെ അംഗീകാരം വാങ്ങി സിനിമ നിര്‍മ്മിക്കും, അദ്ദേഹം പറഞ്ഞു.
4
സിദ്ധരാമയ്യയുടെ വേഷം ചെയ്യാന്‍ തമിഴ് നടന്‍ വിജയ് സേതുപതിയെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ട് എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോ പിക്കിനായും വിജയ് സേതുപതിയെ സമീപിച്ചിരുന്നു. അതേസമയം സിദ്ധരാമയ്യയുടെ വേഷം ചെയ്യാന്‍ വിജയ് സേതുപതി സമ്മതിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
5
കര്‍ണാടകയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ജനകീയതയുള്ള കോണ്‍ഗ്രസ് നേതാവാണ് സിദ്ധരാമയ്യ. ഡി കെ ശിവകുമാറുമായി തുടരുന്ന അസ്വാരസ്യങ്ങള്‍ക്കിടെ സിനിമ ഇറങ്ങിയാല്‍ പൊളിറ്റിക്കല്‍ മൈലേജ് ലഭിക്കും എന്ന് സിദ്ധരാമയ്യയുടെ അനുയായികള്‍ വിശ്വസിക്കുന്നുണ്ട്. അതിനാല്‍ സിനിമ യാഥാര്‍ത്ഥ്യമാകും എന്ന് തന്നെയാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ കുറുംബ നേതാവായ സിദ്ധരാമയ്യയ്ക്ക് ഹിന്ദു ഇതര വോട്ടും ദളിത് വോട്ടും സമാഹരിക്കാനുള്ള സ്വാധീനമുണ്ട്.
6
അടുത്ത വര്‍ഷം മേയിലാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. നിലവില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് ജെ ഡി എസും പ്രബല കക്ഷിയാണ്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറുമായ ഡി കെ ശിവകുമാറും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വയം ഉയര്‍ത്തി കാട്ടാനും ശ്രമിക്കുന്നുണ്ട്.