Home Featured ദേശീയപാത ബി.ജെ.പി തുറന്നുകൊടുത്തത് സുരക്ഷയില്ലാതെ -മുഖ്യമന്ത്രി സിദ്ധരാമയ്യ.

ദേശീയപാത ബി.ജെ.പി തുറന്നുകൊടുത്തത് സുരക്ഷയില്ലാതെ -മുഖ്യമന്ത്രി സിദ്ധരാമയ്യ.

സുരക്ഷാക്രമീകരണങ്ങള്‍ നടത്താതെ ബി.ജെ.പി സര്‍ക്കാര്‍ തിരക്കിട്ട് തുറന്നുകൊടുത്തതും അശാസ്ത്രീയ നിര്‍മാണവുമാണ് ബംഗളൂരു-മൈസൂരു അതിവേഗപാതയിലെ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം പാതയില്‍ നടത്തിയ പരിശോധനയിലാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്. സുപ്രധാന പാതയായിട്ടും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ നടത്താതെ രാഷ്ട്രീയ നേട്ടത്തിനായാണ് ബി.ജെ.പി തിരക്കിട്ട് പാത തുറന്നുകൊടുത്തത്. ഇതിനാലാണ് അപകടങ്ങള്‍ കൂടിയത്.പലയിടങ്ങളിലും അശാസ്ത്രീയമായാണ് നിര്‍മാണം നടന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷാനടപടികള്‍ സംബന്ധിച്ച്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വിസ് റോഡുകളുടെ ഉള്‍പ്പെടെ നിര്‍മാണം പൂര്‍ത്തിയാക്കാൻ 150 കോടി രൂപ അധികമായി അനുവദിക്കാൻ ആവശ്യപ്പെടും. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച്‌ വ്യാപക പരാതികളാണുള്ളത്.എക്സ്പ്രസ് വേയില്‍ മാണ്ഡ്യയില്‍ നടത്തിയ പരിശോധനക്കു ശേഷമാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. പ്രദേശവാസികള്‍ക്ക് റോഡ് മുറിച്ചുകടക്കാൻ കാല്‍നട മേല്‍പാലങ്ങള്‍, വെള്ളക്കെട്ട് ‌പ്രശ്നം, തെരുവുവിളക്കുകളുടെ അഭാവം എന്നിവ സംബന്ധിച്ച്‌ സിദ്ധരാമയ്യ പ്രദേശവാസികളുമായും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

ടോള്‍ സംബന്ധിച്ച പരാതികള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തും. വാഹനങ്ങളുടെ വേഗം കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങളില്ല. ചുരുങ്ങിയത് ഒരു കിലോമീറ്റര്‍ ഇടവിട്ട് ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കണം. അപകടങ്ങള്‍ കുറക്കുന്നതിന് ട്രാഫിക് പൊലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ ചീഫ് സെക്രട്ടറി ദേശീയപാത അതോറിറ്റി അധികൃതരുമായി വിശദമായ ചര്‍ച്ച നടത്തുകയും ചെയ്യും.

പാതയില്‍ വാഹനങ്ങളുടെ അമിതവേഗം പിടികൂടാൻ മാണ്ഡ്യയില്‍ സ്ഥാപിച്ച ആദ്യ നിര്‍മിത ബുദ്ധി (എ.ഐ) കാമറ സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ആറുവരി പ്രധാന പാതയില്‍ ഇരുവശങ്ങളിലേക്കും മൂന്നു വരികളിലാണ് ഗതാഗതം. മൂന്നു വരികളിലൂടെയും വരുന്ന വാഹനങ്ങളുടെ വേഗം പാതക്ക് കുറുകെ സ്ഥാപിച്ച സ്ക്രീനില്‍ തെളിയും. 80-100 കിലോമീറ്റര്‍ വേഗമാണ് പരമാവധി അനുവദിച്ചിരിക്കുന്നത്. വേഗപരിധി ലംഘിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കും. 118 കിലോമീറ്റര്‍ ദൂരം വരുന്ന പാതയില്‍ കൂടുതല്‍ എ.ഐ കാമറകള്‍ വരുംദിവസങ്ങളില്‍ സ്ഥാപിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group