ബംഗളൂരു: കോൺഗ്രസ് ഭരണത്തിലേറിയാൽ ഒരാഴ്ചക്കകം വിവാദ മതപരിവർത്തന നിരോധന ബിൽ പിൻവലിക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. 2016ൽ കർണാടക നിയമ കമീഷൻ ചെയർമാൻ വി.എസ്. മളീമതാണ് മതപരിവർത്തന നിരോധന ബില്ലിന്റെ കരട് രൂപം തയാറാക്കിയത്. ഈ കരടു ബിൽ അന്നത്തെ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന എച്ച്. ആഞ്ജനേയയുടെ മുന്നിലെത്തി. ബില്ലിന്റെ വിവിധ വശങ്ങൾ പരിശോധിച്ചശേഷം ആ ഫയൽ ക്ലോസ് ചെയ്യാൻ ആഞ്ജനേയയോട് താൻ ആവശ്യപ്പെടുകയായിരുന്നെന്നും സിദ്ധരാമയ്യ പറഞ്ഞു.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് കരടു ബിൽതയാറാക്കിയതെന്ന ബി.ജെ.പി വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. നിർബന്ധപൂർവമുള്ള മതപരിവർത്തനത്തെ താനും എതിർക്കുന്നുണ്ടെന്നും നിർബന്ധ മതപരിവർത്തനത്തെ തടയാൻ ഭരണഘടനയിൽ നിലവിൽ നിയമങ്ങളുണ്ടെന്നിരിക്കെ പിന്നയെന്തിനാണ് സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നതെന്നും സിദ്ധരാമയ്യ നിയമസഭയിൽ ചോദ്യമുന്നയിച്ചിരുന്നു.