ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസിന്റെ പേരില്‍ വ്യാജ ഉത്തരവിറക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്.സംഭവത്തില്‍ വിധാൻസൗധ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മാണ്ഡ്യയിലെ ജില്ലാ ഹെല്‍ത്ത് ഓഫീസറെ, എക്സൈസ് വകുപ്പിലേക്ക് സ്ഥലംമാറി കൊണ്ടുള്ള ഉത്തരവ് എന്ന പേരില്‍ വ്യാജ സർക്കുലർ പ്രചരിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബിജെപി നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഉത്തരവ് വ്യാജമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സില്‍ കുറിച്ചതിന് പിന്നാലെയാണ് സംഭവത്തില്‍ പരാതി നല്കിയതും കേസെടുത്തതും. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാർട്ടിയും പരാതി നല്‍കിയിട്ടുണ്ട്. ഈ വ്യാജ ഉത്തരവ് ആദ്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ബിജെപി എംഎല്‍എ സുനില്‍കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ പരാതി.