കുറച്ചുനാളുകളായി ഇന്റർവ്യൂകളിലും മറ്റും മോശം സംസാരം കൊണ്ടും പെരുമാറ്റ രീതികൾ കൊണ്ടും വിവാദങ്ങളിൽ പെടുന്ന സംഭവത്തിൽ മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് ഒക്കെ കാരണം തന്റെ ചിത്രങ്ങൾ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരമാണെന്നു ഷൈൻ പറയുന്നു. അതിനെല്ലാം മാപ്പ് ചോദിക്കുന്നു എന്നും ഷൈൻ പറയുന്നു.
ടൊവിനോ തോമസ് നായകനായി എത്തുന്ന ഖാലിദ് റഹ്‌മാൻ ചിത്രം തല്ലുമാലയുടെ ട്രെയ്‌ലർ ലോഞ്ചിങ് വേദിയിലായിരുന്നു ഷൈനിന്റെ പ്രതികരണം. ‘കഴിഞ്ഞ കുറെ നാളുകളായി മോശമായി പെരുമാറികൊണ്ടിരിക്കുന്ന ആളാണ് ഞാൻ. അതിന് കാരണം ഭീഷ്മപർവം, കുറുപ്പ് ഒക്കെ കുറെ ആളുകൾ കാണുകയും അതൊക്കെ ഒരുപാട് പേർക്ക് ഇഷ്ടപെടുകയും ചെയ്തപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായ അഹങ്കാരമാണ്.’- ഷൈൻ വ്യക്തമാക്കി
ചെയ്യുന്ന വർക്ക് ആളുകൾ അംഗീകരിക്കുമ്പോൾ കിട്ടുന്ന എനർജി മൂലം ഉണ്ടായതാണ് അതൊക്കെ എല്ലാവരും പൊറുക്കണമെന്നും ഷൈൻ പറഞ്ഞു. എനർജി തരുന്നത് പ്രേക്ഷകരാണെന്നും അവരുടെ എനർജിയാണ് എന്നിലൂടെ പുറത്ത് വരുന്നത് എന്നും കാട്ടികൂട്ടലുകൾ അങ്ങനെ സംഭവിച്ചു പോയതാണെന്നും ഷൈൻ പറയുന്നു.
പുറത്തിറങ്ങിയ തല്ലുമാലയുടെ ട്രെയ്ലറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററിൽ എത്തുക. ടൊവിനോയാണ് ചിത്രത്തിലെ നായകൻ. ഷൈനും ലുക്മാനും കല്യാണി പ്രിയദർശനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിൻ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്. ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമ്മിക്കുന്നത്. മുഹ്‌സിൻ പരാരിയും അഷറഫ് ഹംസയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.