ബെംഗളൂരു: കർണാടകയിലെ കുടകില്‍ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയില്‍ നിന്നുള്ള ഐടി പ്രൊഫഷണല്‍ ശരണ്യ ജി.എസ് (36) നെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയെ കാണാതായത്. നിലവില്‍ തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.ഏപ്രില്‍ 2-ന് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടിയിലെ ഹോംസ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. തുടർന്ന്, അന്നേ ദിവസം രാവിലെ എട്ടരയോടെ വനംവകുപ്പിന്റെ അനുമതിയോടെ ഇവർ ട്രെക്കിംഗ് ആരംഭിച്ചു.കാട്ടാനശല്യം ഉള്ള മേഖല ആയതിനാല്‍ മറ്റ് പത്തുപേരടങ്ങുന്ന സംഘത്തോടൊപ്പം പോകാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു.
എന്നാല്‍, വൈകുന്നേരം നാല് മണിയോടെ ഈ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഇവർക്കൊപ്പമുണ്ടായിരുന്നില്ല.തനിക്ക് വഴിതെറ്റിയ വിവരം ശരണ്യ ഫോണിലൂടെ ഹോംസ്റ്റേ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് റേഞ്ച് പ്രശ്നങ്ങള്‍ കാരണം സിഗ്നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. ഇതോടെയാണ് യുവതിയെ വനത്തിനുള്ളില്‍ കാണാതായെന്ന നിഗമനത്തില്‍ അധികൃതർ എത്തിയത്.അതേസമയം, ശരണ്യക്കായി തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. പൊലിസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരടങ്ങുന്ന അറുപതോളം പേരാണ് അഞ്ച് പ്രത്യേക സംഘങ്ങളായി വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തുന്നത്. കൂടാതെ, തിരച്ചിലിനായി ഡ്രോണുകളും ട്രാക്കർ നായകളെയും ഉപയോഗിക്കുന്നുണ്ട്. അതേസമയം, കനത്ത വനവും മോശം കാലാവസ്ഥയും തിരച്ചില്‍ സംഘത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.സംഭവത്തില്‍, നാപ്പോക്ലു പൊലിസ് സ്റ്റേഷനില്‍ മിസിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി വനത്തിനുള്ളില്‍ അപകടത്തില്‍പ്പെട്ടതാണോ അതോ വഴിമാറി മറ്റേതെങ്കിലും മേഖലയില്‍ എത്തിയതാണോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.