ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി സ്വര്‍ണം കടത്താൻ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍. ഇവരില്‍ നാലുപേര്‍ മലയാളികളാണ്.ഇവരില്‍ നിന്നായി 5.13 കിലോ സ്വര്‍ണം പിടിച്ചു. വ്യത്യസ്ത കേസുകളിലായാണ് നടപടി. കുവൈത്ത്, ദുബൈ, ഷാര്‍ജ, ബാങ്കോക് എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍നിന്നാണ് ഇത്രയും സ്വര്‍ണം പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. പിടിയിലായ മലയാളികള്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്. രണ്ടു കര്‍ണാടക സ്വദേശികളും ഒരു ആന്ധ്രപ്രദേശ് സ്വദേശിയുമാണ് മറ്റുള്ളവര്‍. വിവാഹ സീസണ്‍ തുടങ്ങിയതോടെ സ്വര്‍ണക്കടത്ത് മുന്നില്‍ക്കണ്ട് വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
കുവൈത്ത്, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ ദ്രവരൂപത്തിലാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കൊണ്ടുവന്നത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് അധികൃതര്‍ വിശദമായി ചോദ്യം ചെയ്തത്. ഇതോടെ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തി. ബാങ്കോക്കില്‍ നിന്നെത്തിയ രണ്ടു യാത്രക്കാര്‍ ബാഗിന്റെ കൊളുത്തിന്റെ രൂപത്തിലും അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല.
ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചു
ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചു. 11.5 കോടി പാന്‍കാര്‍ഡുകളാണ് മരവിപ്പിച്ചത്.കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ആയിരുന്നു.രാജ്യത്തെ 70.24 കോടി പാന്‍ ഉടമകളില്‍ 57.25 കോടി പേര്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 12 കോടിയിലേറെപ്പേരാണ് പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാതെയുള്ളത്. മരവിപ്പിച്ച പാന്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലാവധിയിലെ റീഫണ്ടിനു പലിശയുമുണ്ടാകില്ല. അസാധുവായാല്‍ 30 ദിവസത്തിനുള്ളില്‍ 1,000 രൂപ നല്‍കി ആധാറുമായി ബന്ധിപ്പിച്ച് പാന്‍ കാര്‍ഡ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാം.