ബെംഗളൂരു: കർണാടകത്തിൽ ഞായറാഴ്ച പെയ്ത ശക്തമായ മഴയിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം ഏഴായി. ബെംഗളൂരു കെംപാപുര അഗ്രഹാരയിൽ ഓവുചാലിൽ ഇറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൈസൂരുവിലെ ഹുൻസൂരിൽ രണ്ടുപേരും പെരിയപട്ടണയിലും കൊപ്പാളിലും ഓരോരുത്തർവീതവും ഇടിമിന്നലേറ്റ് മരിച്ചു. ചിക്കമഗളൂരുവിലെ മുദിഗെരെയിൽ മരംവീണ് വഴിയരികിൽ നിൽക്കുകയായിരുന്നയാൾ മരിച്ചു. ഞായറാഴ്ച വൈകീട്ട് ബെംഗളൂരുവിലെ കെ.ആർ. സർക്കിളിൽ അടിപ്പാതയിൽ കാറുമുങ്ങി യുവതി മരിച്ചിരുന്നു.
ബെംഗളൂരു കെംപാപുര അഗ്രഹാരയിൽ ഓവുചാലിൽ വെള്ളംകയറിയത് പരിശോധിക്കുന്നതിനിടെയാണ് പ്രദേശവാസിയായ ലോകേഷ് (31) ഒഴുക്കിൽപ്പെട്ടത്. അഗ്നിരക്ഷാസേനയും നീന്തൽവിദഗ്ധരുമെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഞായറാഴ്ച രാത്രി ഏറെവൈകിയാണ് മൃതദേഹം കണ്ടെത്തിയത്. കിലോമീറ്ററുകളോളം ഒഴുകിപ്പോയ മൃതദേഹം ബ്രൈട്രായനപുരയ്ക്ക് സമീപത്താണ് കണ്ടത്.മൈസൂരുവിലെ ഹുൻസൂരിൽ ഹരീഷ് (42), സ്വാമി (18) എന്നിവരും പെരിയപട്ടണ താലൂക്കിൽ ലോകേഷ് (55) എന്ന കർഷകനും കൊപ്പാളിലെ ശിവപുരിൽ ശ്രീകാന്ത് മേതി (16) എന്ന വിദ്യാർഥിയുമാണ് ഇടിമിന്നലേറ്റുമരിച്ചത്.
ചിക്കമഗളൂരു മുദിഗെരെയിൽ മരം പൊട്ടിവീണതിനെത്തുടർന്ന് ഹോംസ്റ്റേ നടത്തിപ്പുകാരനായ വേണുഗോപാലാണ് (58) മരിച്ചത്. കനത്തമഴയിൽ റോഡരികിലെ കടയ്ക്കുസമീപം നിൽക്കുകയായിരുന്നു വേണുഗോപാൽ.ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ട്, ഡി.ജെ. ഹള്ളി എന്നിവിടങ്ങളിലെ മുപ്പത് വീടുകളിൽ വെള്ളംകയറി. വിവിധയിടങ്ങളിൽ തകരാറിലായ വൈദ്യുതിബന്ധം തിങ്കളാഴ്ച ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചത്.
മൈസൂരു, രാമനഗര, ധാർവാഡ്, കൊപ്പാൾ ജില്ലകളിൽ വ്യാപകമായ കൃഷിനാശവുമുണ്ടായി.മഴയിൽ അടിപ്പാതകളിലൂടെ യാത്രവേണ്ടെന്ന് ബി.ബി.എം.പി.മഴയിൽ അടിപ്പാതകളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ബി.ബി.എം.പി. പലയിടങ്ങളിലും അടിപ്പാതകളിൽ വെള്ളംകയറാനുള്ള സാധ്യതകൂടുതലാണ്. സാധാരണയായി മഴതുടങ്ങുമ്പോൾ അടിപ്പാതകളിലേക്കുള്ള പ്രവേശനം ട്രാഫിക് പോലീസ് നിയന്ത്രിക്കാറുണ്ട്.
കൂടുതൽ സുരക്ഷാസംവിധാനങ്ങളൊരുക്കാൻ ട്രാഫിക് പോലീസിന് നിർദേശംനൽകുമെന്ന് ബി.ബി.എം.പി. അഡ്മിനിസ്‌ട്രേറ്റർ രാകേഷ് സിങ് അറിയിച്ചു.ചിലയിടങ്ങളിൽ അടിപ്പാതയോടുചേർന്ന ഓവുചാലുകളിൽ മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ ഒഴുക്ക് തടസ്സപ്പെടുന്ന സാഹചര്യവുമുണ്ട്.
ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ അതത് മേഖലകളിലെ എൻജിനിയർമാരോട് നിർദേശിക്കുമെന്നും രാകേഷ് സിങ് പറഞ്ഞു.അതേസമയം, മഴകൊള്ളാതിരിക്കാൻ ഇരുചക്രവാഹനങ്ങൾ അടിപ്പാതകളിൽ നിർത്തുന്ന പ്രവണതയുണ്ടെന്നും ഇതിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.
കണ്ണൂരില്‍ ഉഗ്രശേഷിയുള്ള 8 നാടന്‍ബോംബുകള്‍ കണ്ടെത്തി; കലുങ്കിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍
കണ്ണവം : കണ്ണൂര്‍ കണ്ണവത്ത് പൊലീസ് പരിശോധനയില്‍ ഉഗ്രശേഷിയുള്ള എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകള്‍.കണ്ണവം തൊടീക്കളം കീഴക്കാൽ ഭാഗത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ജില്ലയില്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിര്‍വീര്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല.