വിജയനഗര്‍ : കര്‍ണാടകയില്‍ നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷകളിലിടിച്ച് ഏഴ് പേര്‍ മരിച്ചു. ഹോസ്‌പേട്ട് താലൂക്കിലെ വദ്ദരഹള്ളി റെയില്‍വേ ഓവര്‍ ബ്രിഡ്‌ജിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ ലോറി ഓട്ടോകള്‍ക്ക് പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ താഴ്‌ചയിലേയ്‌ക്ക് മറിഞ്ഞ ഓട്ടോകള്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ സലിം, സഫുറ ബീ (55), കൗസര്‍ (35), യാസ്‌മിൻ (28), ഇബ്രാഹിം (28), സഹീര്‍ (4), ഓട്ടോ ഡ്രൈവറായ ശ്യാം എന്നിവരാണ് മരിച്ചത്.
ഡ്രൈവര്‍ ഒഴികെ ബല്ലാരിയിലെ കൗള്‍ ബസാര്‍ സ്വദേശികളായ ഒരേ കുടുംബത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. കൗള്‍ ബസാറില്‍ നിന്ന് തുംഗഭദ്ര അണക്കെട്ട് കാണാൻ പോകുമ്ബോഴായിരുന്നു അപകടമുണ്ടായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രണ്ട് ഓട്ടോകളിലായി 19 പേരാണ് യാത്ര ചെയ്‌തിരുന്നത്. അഞ്ച് സ്‌ത്രീകളടക്കം ഏഴ് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ഹോസ്‌പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേരെ ബല്ലാരിയിലെ വിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
ഹോസ്‌പേട്ട് റൂറല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
യു ടേണ്‍ എടുക്കുന്നതിനിടെ കാറപകടം :കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ യു-ടേണ്‍ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരൻ മരിച്ചിരുന്നു. പ്രകാശ് നഗര്‍ സ്വദേശി കൃഷ്‌ണപ്പ (55) ആണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടകയിലെ രാജാജി നഗര്‍ ട്രാഫിക് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.രാജ്‌കുമാര്‍ റോഡിലൂടെ കൃഷ്‌ണപ്പ നടന്നുപോകുന്നതിനിടെ നവ്‌രംഗ് സിഗ്നലിന് സമീപം കാര്‍ ഡ്രൈവര്‍ യു ടേണ്‍ എടുക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട കാര്‍ കൃഷ്‌ണപ്പയുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയുമായിരുന്നു.