Home Featured കൊച്ചി മെട്രോ തൂണിലെ ചരിവ് ഗുരുതര പിഴവ്: സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണമുണ്ടായേക്കും

കൊച്ചി മെട്രോ തൂണിലെ ചരിവ് ഗുരുതര പിഴവ്: സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണമുണ്ടായേക്കും

കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലത്ത് കൊച്ചി മെട്രോയുടെ 347ാം നമ്ബര്‍ തൂണിന് ചരിവ് കണ്ടെത്തിയ സംഭവത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണത്തിന് ആലോചിച്ച്‌ സര്‍ക്കാര്‍.കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരിക്കും നടപടി.

ഗുരുതര പിഴവ് കണ്ടെത്തിയിട്ടും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.രാജ്യത്തുതന്നെ അപൂര്‍വമായ പിഴവ് കണ്ടെത്തിയിട്ടും പരിശോധന കെ.എം.ആര്‍.എല്ലിലും ഡി.എം.ആര്‍.സിയിലും മാത്രമായി ചുരുങ്ങുന്നുവെന്ന ആരോപണവുമുണ്ട്. പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കിയതോടെ സംഭവം ഡി.എം.ആര്‍.സിയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നു.

ഭൗമ സാങ്കേതിക പഠനത്തില്‍ തൂണിന്‍റെ ചരിവ് ഒറ്റപ്പെട്ടതാണെന്നാണ് വിലയിരുത്തുന്നത്. ആലുവ മുതല്‍ പേട്ടവരെ ആകെയുള്ള 975 മെട്രോ തൂണില്‍ ഒരെണ്ണത്തിന് മാത്രമാണ് ബലക്ഷയം. മറ്റ് മെട്രോ തൂണുകളിലും വിശദ പരിശോധന നടത്താനാണ് നീക്കം.തൂണ് നിര്‍മിക്കുമ്ബോള്‍ നാല് പൈലുകള്‍ ഭൂമിക്കടിയിലുള്ള പാറയുമായി ബന്ധിപ്പിക്കുന്നതില്‍ വീഴ്ച ഉണ്ടായതായാണ് വിലയിരുത്തല്‍. വര്‍ഷങ്ങള്‍ക്കുമുമ്ബ് നടത്തിയ തൂണിന്‍റെ പൈലിങ്ങില്‍ ഇനി അറ്റകുറ്റപ്പണി നടക്കില്ല. അതിനാല്‍ ചരിവ് കണ്ടെത്തിയ തൂണിന്‍റെ പൈലിങ് ബലപ്പെടുത്തുകയാണ് ചെയ്യുക. ഇതിനായി നാല് വശങ്ങളില്‍നിന്നും എട്ടുമുതല്‍ 10 മീറ്റര്‍ വരെ കുഴിയെടുക്കും. ഇതിന് ചുറ്റും കോണ്‍ക്രീറ്റ് ഉപയോഗിച്ച്‌ ബലപ്പെടുത്തി തൂണിനെ സംരക്ഷിക്കും.

അറ്റകുറ്റപ്പണിയുടെ ചെലവ് കരാറുകാരായ എല്‍ ആന്‍ഡ് ടി കമ്ബനിയായിരിക്കും വഹിക്കുക.തിങ്കളാഴ്ച അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. 24 മണിക്കൂറും നീളുന്ന പ്രവര്‍ത്തനങ്ങളായിരിക്കും നടക്കുക. ഏപ്രില്‍ അവസാനത്തോടെ പണികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വ്യക്തമാക്കി. അതേസമയം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പത്തടിപ്പാലം മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group