ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കായുള്ള രണ്ടാമത്തെ കോവിഡ് വാക്സിന് അനുമതി നല്കി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ). ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ ലിമിറ്റഡിന്റെ കോര്ബിവാക്സിനാണ് ഡി.സി.ജി.ഐ അനുമതി നല്‍കിയത്. 12 മുതല്‍ 18 വരെ പ്രായക്കാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ കോര്‍ബിവാക്സ് നല്കാന് അനുമതിയുണ്ട്.
നിലവില്‍ 15 മുതല്‍ 18 വരെ പ്രായക്കാര്‍ക്ക് ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്സിന് നല്കാന് സര്‍ക്കാര്‍ അനുമതിയുണ്ട്. പുതിയ വാക്സിന് എത്തുന്നതോടെ വാക്സിന് യജ്ഞത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. കോര്‍ബിവാക്സ് വിപണിയിലെത്തുന്നതോടെ കോവിഡ് മഹാമാരിയില്‍ നിന്ന് പൂര്‍ണ മുക്തി നേടുന്നതിനോട് കൂടുതലടുക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബയോളജിക്കല്‍ ഇ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മഹിമ ദാദ പറഞ്ഞു.
2021 സെപ്റ്റംബറില്‍ 5 മുതല്‍ 18 വരെ പ്രായക്കാരില്‍ കോര്‍ബിവാക്സിന്റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിച്ചിരുന്നു. നോ-ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ ക്ലിനിക്കല്‍ പഠനവും ആരംഭിച്ചിരുന്നു. 0.5 മില്ലി വീതം 28 ദിവസത്തെ ഇടവേളയിലായിരിക്കും വാക്സിന് നല്‍കുക.