ബംഗളൂരു: ബംഗളൂരുവിൽ പോലീസ് ഓഫീസറായി മലയാളിയായ 9-ാം ക്ലാസുകാരൻ മുഹമ്മദ് സൽമാൻ. ഒറ്റദിവസത്തേയ്ക്കാണ് സൽമാന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കിയത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ കസേരയിലിരുന്ന് വാക്കിടോക്കിയിൽ നിർദേശങ്ങൾ നൽകിയും പോലീസുകാരോടും ചുറ്റുംകൂടിയ മാധ്യമപ്രവർത്തകരോടും കുശലംപറഞ്ഞും സൽമാൻ തനിക്ക് ലഭിച്ച അവസരം ആസ്വദിച്ചു.
വ്യാഴാഴ്ച കുമരകത്തെ ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂളിലെ അധ്യാപകരും നാട്ടുകാരും സോഷ്യൽമീഡിയയിൽ സൽമാൻ പോലീസ് വേഷത്തിലിരിക്കുന്ന ചിത്രങ്ങൾ അഭിമാനത്തോടെ പങ്കുവെച്ചു. സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയാണ് സൽമാൻ. തലാസീമിയ രോഗബാധിതനായ സൽമാൻ മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്കാണ് കഴിഞ്ഞമാസം ബംഗളൂരുവിലെ നാരായണ ഹെൽത്ത് സിറ്റിയിലെത്തിയത്.
നഗരത്തിൽ പ്രവർത്തിക്കുന്ന ‘മേയ്ക്ക് എ വിഷ് ഫൗണ്ടേഷൻ’ എന്ന സംഘടന പ്രവർത്തകരുമായി പരിചയപ്പെടുന്നത് ഇവിടെവെച്ചാണ്. ഇത്തരം രോഗമുള്ള കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നതിനായി പ്രയത്നിക്കുന്ന സന്നദ്ധസംഘടന കൂടിയാണ് ഇത്.
ഭാവിയിൽ എന്തായിത്തീരണമെന്ന പ്രവർത്തകരുടെ ചോദ്യത്തിന് സൽമാൻ തനിക്ക് ഐപിഎസ് ഓഫീസറാകണമെന്നാണ് മറുപടി നൽകിയത്. ആഗ്രഹം സാധിക്കുമെന്ന് പറഞ്ഞപ്പോൾ പതിവ് ആശംസമാത്രമായേ സൽമാന് തോന്നിയുള്ളൂ. എന്നാൽ, കഴിഞ്ഞദിവസം മേയ്ക്ക് എ വിഷ് പ്രവർത്തകർ വിളിച്ച് വ്യാഴാഴ്ച കോറമംഗല പോലീസ് സ്റ്റേഷന്റെ ചുമതലയേൽക്കാൻ ഒരുങ്ങാൻ നിർദേശം നൽകി.
ഐ.പി.എസ്. ഓഫീസറുടെ യൂണിഫോമും തൊപ്പിയുമെല്ലാം സംഘടനതന്നെ ഒരുക്കുകയും ചെയ്തു. രാവിലെ 11 മണിയോടെയാണ് സൽമാൻ യൂണിഫോമിൽ പോലീസ് സ്റ്റേഷനിൽ ചെന്നിറങ്ങിയത്. ഡി.സി.പി. സി.കെ. ബാബയുടെ നേതൃത്വത്തിൽ പോലീസുകാർ സ്വീകരിച്ചു. സ്റ്റേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു. കർണാടകസ്വദേശിയായ 14-കാരൻ മിഥിലേഷിനും സൽമാനൊപ്പം ഐ.പി.എസ്. ഓഫീസറാകാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. സൗദിയിൽ സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ കോട്ടയം നാട്ടകം ഇല്ലംപള്ളിയിൽ മുജീബ് റഹ്മാന്റെയും ജാരി മോളുടെയും മകനാണ് സൽമാൻ.