മൈസൂരു: ആള്‍മാറാട്ടം നടത്തി 24 വര്‍ഷം സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായി ജോലിചെയ്തയാള്‍ കര്‍ണാടക പോലീസിന്റെ പിടിയിലായി.മൈസൂരുജില്ലയിലെ കെ.ആര്. നഗറിലെ ഹെബ്ബാള്‍ ഗ്രാമനിവാസിയായ ലക്ഷ്മണ ഗൗഡയാണ് അറസ്റ്റിലായത്. മരണപ്പെട്ട സഹോദരന്റെ പേരിലുള്ള നിയമന ഉത്തരവുമായാണ് ഇയാള്‍ അധ്യാപകനായി ജോലിചെയ്തത്. വര്‍ഷങ്ങളോളം തന്റെ തട്ടിപ്പ് മറച്ചുവെച്ച ലക്ഷ്മണ ഗൗഡ മികച്ച അധ്യാപകനുള്ള അവാര്‍ഡും നേടി.വിവിധ സ്കൂളുകളില്‍ പ്രവര്‍ത്തിച്ചിട്ടും പ്രതിയുടെ ആള്‍മാറാട്ടം മനസ്സിലാക്കാന്‍ വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഏറ്റവുമൊടുവില്‍, ഹുന്സൂരിനു സമീപത്തെ കട്ടെമാലലവാഡി ഹയര്‍ പ്രൈമറി സ്കൂളിലാണ് ഇയാള്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നത്.
24 വര്‍ഷം മുമ്ബ്, ഇയാളുടെ മൂത്തസഹോദരന് ലോകേഷ് ഗൗഡയ്ക്ക് സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായി ജോലിലഭിച്ചിരുന്നു.ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്ബ്, ലോകേഷ് മരിച്ചു. തുടര്‍ന്ന്, സര്‍ക്കാര്‍ജോലി നേടാനായി ലോകേഷ് ഗൗഡയെന്ന വ്യാജേന, ലക്ഷ്മണ ഗൗഡ പെരിയപട്ടണയിലെ മുദ്ദനഹള്ളി സ്കൂളില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഒടുവില്‍, ഹുന്‍സൂരിലെ മാധ്യമപ്രവര്‍ത്തകനായ രാജുവാണ് ഇയാളുടെ ആള്‍മാറാട്ടം പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന്, പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു.