ബെംഗളൂരു: സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് മുട്ടയും വാഴപ്പഴവും വിതരണം ചെയ്യുന്ന പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാണ്ഡ്യയിൽ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. 10-ാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആഴ്ചയിൽ രണ്ടുദിവസം പഴവും മുട്ടയും ലഭിക്കും. കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.മുൻ സർക്കാരിന്റെ കാലത്താണ് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ കുട്ടികൾക്ക് മുട്ട വിതരണം ചെയ്യുന്നതിൽ പ്രമുഖ മഠാധിപധികൾ ഉൾപ്പെടെയുള്ളവർ എതിർപ്പറിയിച്ചതിനെത്തുടർന്ന് പദ്ധതി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.
പദ്ധതി നടപ്പാക്കുമെന്നത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു. നേരത്തേ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് മുട്ടയും വാഴപ്പഴവും വിതരണം ചെയ്യാൻ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ സർക്കാർ മാറിയതോടെ 10-ാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തോടൊപ്പമാണ് ഇവ വിദ്യാർഥികൾക്ക് വിതരണം ചെയ്യുക.വെള്ളിയാഴ്ച മാണ്ഡ്യ ജില്ലയിൽ മാത്രമാണ് പദ്ധതി നടപ്പാകുകയെങ്കിലും അടുത്തയാഴ്ചയോടെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായതായി മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.
സിം കാര്‍ഡിന്‍റെ കൂട്ടവില്പന കേന്ദ്രം നിരോധിച്ചു:
സിം കാര്‍ഡ് ഡീലര്‍മാര്‍ക്കു പോലീസ് വെരിഫിക്കേഷൻ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണു തീരുമാനം പ്രഖ്യാപിച്ചത്.സിമ്മിന്‍റെ വലിയ അളവിലുള്ള കൂട്ടായ വില്പന നിയന്ത്രിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തട്ടിപ്പുകള്‍ തടയുന്നതിനുള്ള മുൻകരുതലിന്‍റെ ഭാഗമായാണു നടപടി. പോലീസ് വെരിഫിക്കേഷൻ ഉള്‍പ്പെടെയുള്ള ചട്ടങ്ങള്‍ സിം ഡീലര്‍മാര്‍ ലംഘിച്ചാല്‍ 10 ലക്ഷം രൂപയാണു പിഴ. രാജ്യത്ത് 10 ലക്ഷത്തിലധികം സിം കാര്‍ഡ് ഡീലര്‍മാരുണ്ടെന്നും അവരെല്ലാം സമയബന്ധിതമായി വെരിഫിക്കേഷൻ പൂര്‍ത്തിയാക്കണമെന്നും അശ്വിനി വൈഷ്ണവ് നിര്‍ദേശിച്ചു.
കൂട്ടത്തോടെ സിം കണക്‌ഷനുകള്‍ നല്‍കുന്ന രീതി നിര്‍ത്തലാക്കിയ കേന്ദ്രം, ബിസിനസ് കണക്‌ഷൻ രീതി അവതരിപ്പിച്ചു. ഇത്തരം സിമ്മുകള്‍ ഉപയോഗിക്കുന്നവര്‍ കെവൈസി നല്‍കണം. ബിസിനസുകള്‍ സമര്‍പ്പിക്കേണ്ട കെവൈസിക്കു പുറമേയാണിത്. ഇതുവരെ 52 ലക്ഷം മൊബൈല്‍ കണക്‌ഷനുകള്‍ ടെലിക്കമ്യൂണിക്കേഷൻ വകുപ്പ് നിര്‍ത്തലാക്കി. 67,000 ഡീലര്‍മാരെ കരിന്പട്ടികയില്‍പ്പെടുത്തി. ഈ വര്‍ഷം മേയ് വരെ 300 എഫ്‌ഐആറുകള്‍ സിം ഡീലര്‍മാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പ് ഇടപാടുകളില്‍ ഏര്‍പ്പെട്ട 66,000 വാട്സ്‌ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.