മംഗ്ളുറു: ഉഡുപ്പി ടൗണിലെ ഗവ. പ്രി – യൂനിവേഴ്സിറ്റി വനിത കോളജില്‍ (പിയു) ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ഥിനികള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് രണ്ടാഴ്ചയായിട്ടും നീങ്ങിയില്ല.ഇതേത്തുടര്‍ന്ന് ക്ലാസ് മുറികള്‍ക്ക് പുറത്തിരുന്ന് പഠിക്കുകയാണ് എട്ട് വിദ്യാര്‍ഥിനികള്‍. ബികോം രണ്ടാം വര്‍ഷം – മൂന്ന്, ഒന്നാം വര്‍ഷം – ഒന്ന്, സയന്‍സ് രണ്ടാം വര്‍ഷം – മൂന്ന്, ഒന്നാം വര്‍ഷം-ഒന്ന് എന്നിങ്ങിനെ വിദ്യാര്‍ഥിനികള്‍ക്കാണ് ക്ലാസില്‍ കയറാന്‍ കഴിയാത്തത്.
ശിരോവസ്ത്രം അണിഞ്ഞ് ക്ലാസില്‍ ഹാജരാവാന്‍ നിയമം അനുവദിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രിന്‍സിപല്‍ രുദ്രഗൗഢ. 60 മുസ്‌ലിം വിദ്യാര്‍ഥിനികളില്‍ എട്ടുപേര്‍ മാത്രമാണ് ഇത്തരത്തില്‍ വേഷം ധരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കുട്ടികളുടെ രക്ഷിതാക്കളുമായും സംസാരിച്ച് പ്രശ്നം പരിഹരിച്ചതാണെന്ന് പ്രിന്‍സിപല്‍ അവകാശപ്പെട്ടു. എന്നാല്‍ അങ്ങിനെ തീരുമാനം എടുത്തത് അഴിച്ചു വെപ്പിക്കാവുന്നതല്ല മുതിര്‍ന്ന വിഭാഗത്തില്‍പെട്ട തങ്ങളുടെ വേഷം എന്ന് വിദ്യാര്‍ഥിനികള്‍ പ്രതികരിച്ചു.
സഹപാഠികളുടെ നോട്സ് വാങ്ങിയാണ് തങ്ങള്‍ ഇവിടെ പഠിക്കുന്നത് – രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആലിയ പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഹാജര്‍ നഷ്ടമാവുന്നുണ്ട്. ക്ലാസ് മുറികളില്‍ നിന്ന് പുറന്തള്ളപ്പെട്ട് മനുഷ്യത്വരഹിത പെരുമാറ്റം നേരിടുമ്ബോള്‍ അനുഭവിക്കുന്ന വേദന വളരെ വലുതാണ്’ – അവര്‍ തുടര്‍ന്നു.
ഉര്‍ദു, അറബിക്, ബ്യാരി ഭാഷകള്‍ സംസാരിക്കുന്നതിനും ഈ ഗവ. കോളജില്‍ അധികൃതരുടെ വിലക്കുണ്ടെന്ന് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി ഐ ഒ), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്‍ഡ്യ (സി എഫ് ഐ) എന്നീ സംഘടനകള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കോളജ് അധികൃതര്‍ നിലപാട് തിരുത്തണം എന്ന് കോണ്‍ഗ്രസിന്റെ വിവിധ ഘടകങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം മണ്ഡലം എംഎല്‍എയും ബിജെപി നേതാവുമായ രഘുപതി ഭട്ട് പ്രിന്‍സിപലിന് പൂര്‍ണ പിന്തുണ നല്‍കി രംഗത്തുണ്ട്.