ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) തങ്ങളുടെ ഉപയോക്താക്കൾക്ക് ബാങ്കിംഗ് ഇടപാടുകൾ ലളിതമാക്കുന്നതിനുള്ള ഒരു മാർഗമായി വാട്ട്‌സ്ആപ്പ് (Whats App) ബാങ്കിംഗ് സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇതുവഴി എസ്‌ബിഐയുടെ ഉപയോക്താക്കൾക്ക് ബാങ്കിലോ എടിഎമ്മിലോ നേരിട്ട് പോകാതെ തന്നെ ചില ബാങ്കിങ് സേവനങ്ങൾ വാട്ട്സ് ആപ്പ് വഴി ലഭിക്കും.
എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നത് എങ്ങനെ?
- വാട്ട്‌സ്ആപ്പ് വഴി എസ്ബിഐയുടെ ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നതിന് ആദ്യം രജിസ്റ്റർ ചെയ്യണം. 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് ചെയ്ത് ഒപ്പം അക്കൗണ്ട് നമ്പർ കൂടി ടൈപ്പ് ചെയ്ത് ഒരു എസ്എംഎസ് അയയ്‌ക്കുക. ഓർക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ എസ്‌ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അതേ ഫോൺ നമ്പറിൽ നിന്നായിരിക്കണം എസ്എംഎസ് അയക്കാൻ.
- എസ്‌ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ രജിസ്റ്റർ ചെയ്തതിന് ശേഷം എസ്ബിഐയുടെ 90226 90226 എന്ന നമ്പറിൽ നിന്ന് നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് ഒരു സന്ദേശം ലഭിക്കും. ഈ നമ്പർ സേവ് ചെയ്യുക.
- “Hi SBI” എന്ന് 90226 90226 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പിൽ മെസേജ് അയയ്‌ക്കുക അല്ലെങ്കിൽ നിങ്ങൾക്ക് നേരത്തെ ഈ നമ്പറിൽ നിന്നും ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിന് മറുപടി നൽകുക. മെസേജ് അയച്ചതിന് ശേഷം നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിച്ച് മിനി സ്റ്റേറ്റ്മെന്റ് നേടാം എന്നുള്ള സന്ദേശം തിരികെ ലഭിക്കും.
- ഈ വാട്ട്സ് ആപ്പ് ചാറ്റിലൂടെ ആവശ്യമുള്ളപ്പോൾ ബാലൻസ് പരിശോധിക്കുകയും ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെൻറ് എടുക്കുകയും ചെയ്യാം.