ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന സാരക്കി ജംക്ഷൻ മേൽപ്പാലത്തിന്റെ നിർമാണത്തിനായി ബിബിഎംപി പുതിയ നിർദേശം തയാറാക്കി. കഴിഞ്ഞ വർഷം ആദ്യം തന്നെ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സർക്കാരിന് നിർദ്ദേശം സമർപ്പിച്ചതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യാത്രക്കാർ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, മേൽപ്പാലത്തിന്റെ നിർമാണത്തിന്റെ വ്യക്തത തേടി സർക്കാർ നിർദ്ദേശം തിരിച്ചയച്ചതായി സിവിൽ ഉദ്യോഗസ്ഥർ അറിയിച്ചു. പദ്ധതിച്ചെലവ് 40 കോടിയിൽ നിന്ന് 136 കോടിയായി വർധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു സർക്കാരിന്റെ പ്രധാന ആശങ്കയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതിനാൽ പുതിയ നിർദ്ദേശം ഉടൻ സർക്കാരിന് അയക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ചെലവ് വർദ്ധനയുടെ കാരണങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും മറ്റ് ചില ജംക്ഷനുകളിലെ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായാണ് മേൽപ്പാലത്തിന്റെ നീളം 439 മീറ്ററിൽ നിന്ന് 1.2 കിലോമീറ്ററാക്കി മാറ്റിയെന്നും ഇത്തവണ പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കനകപുര റോഡിനെ സൗത്ത് ബെംഗളൂരുവിലെ ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന 1.2 കിലോമീറ്റർ മേൽപാലം, സാരക്കി സിഗ്നൽ, ഇല്യാസ് നഗർ, 35-ാം മെയിൻ റോഡ്, ജെപി നഗർ ബസ് സ്റ്റാൻഡ് എന്നീ നാല് ജംഗ്ഷനുകളിലൂടെയുള്ള ഗതാഗത തടസ്സം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.