ബെംഗളൂരു: ഈസ്റ്റർ അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീരുന്നു. യാത്രത്തിരക്ക് ഏറ്റവും അധികം അനുഭവപ്പെടുന്ന ഏപ്രിൽ അഞ്ചിനുള്ള ടിക്കറ്റുകളുടെ ബുക്കിങ് തിങ്കളാഴ്ച മണിക്കൂറുകൾക്കകമാണ് തീർന്നത്. കോട്ടയത്തേക്കും എറണാകുളത്തേക്കും കണ്ണൂർ ജില്ലയിലെ ആലക്കോട്, ചെറുപുഴ ഭാഗത്തേക്കുമുള്ള ബസുകളിലാണ് വേഗത്തിൽ ടിക്കറ്റ് തീരുന്നത്.ഏപ്രിൽ അഞ്ചിന് രാത്രി 8.31-ന് ബെംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് പുറപ്പെടുന്ന കേരള ആർ.ടി.സി.യുടെ സ്വിഫ്റ്റ് ഗരുഡ എ.സി. ബസിൽ തിങ്കളാഴ്ച രാത്രിവരെ മൂന്നുസീറ്റുകൾമാത്രമാണ് ബാക്കിയുള്ളത്.
വൈകീട്ട് 3.44-ന് പുറപ്പെടുന്ന ബസിൽ 23 സീറ്റുകൾ ബാക്കിയുണ്ട്. രാത്രി 9.05-ന് എറണാകുളത്തേക്ക് പുറപ്പെടുന്ന സ്വിഫ്റ്റ് ഗജരാജ മൾട്ടി ആക്സിൽ വോൾവൊ എ.സി. ബസിൽ രണ്ടുടിക്കറ്റുമാത്രമേ ബാക്കിയുള്ളൂ. മറ്റു ബസ്സുകളിൽ 20-ഓളം ടിക്കറ്റുകളുണ്ട്. അതേസമയം, കോഴിക്കോട്ടേക്കുള്ള കേരള ആർ.ടി.സി.യുടെ എല്ലാ ബസുകളിലും മുപ്പതിലേറെ ടിക്കറ്റുകൾ ബാക്കിയുണ്ട്.
വരുംദിവസങ്ങളിൽ ഈ ടിക്കറ്റുകൾ തീരും.കർണാടക ആർ.ടി.സി. ബസുകളിലും വേഗത്തിൽ ടിക്കറ്റുകൾ വിറ്റഴിയുകയാണ്. ഏപ്രിൽ അഞ്ചിന് രാത്രി 7.16-ന് കോട്ടയത്തേക്കുള്ള ഐരാവത് ക്ലബ്ബ് ക്ലാസിൽ ആറുസീറ്റുകൾമാത്രമേ ബാക്കിയുള്ളൂ.എറണാകുളത്തേക്കുള്ള മിക്ക ബസുകളിലും പകുതിയിലേറെ ടിക്കറ്റുകൾ വിറ്റുതീർന്നിട്ടുണ്ട്. എറണാകുളത്തേക്ക് അടുത്തിടെ ആരംഭിച്ച അംബാരി ഉത്സവ് ബസിൽ 14 സീറ്റുകൾമാത്രമേ ബാക്കിയുള്ളൂ.
തിരുവനന്തപുരത്തേക്കുള്ള അംബാരി ഉത്സവ് ബസിൽ 30-ലേറെ ടിക്കറ്റുകളുണ്ട്. അവധി യാത്രയ്ക്ക് ഇനി ഒരുമാസത്തോളം ബാക്കിയുള്ളതിനാൽ വരുംദിവസങ്ങളിൽ ടിക്കറ്റുകൾ തീരും. യാത്രത്തിരക്ക് കണക്കിലെടുത്ത് ഇരു ആർ.ടി.സി.കളും പ്രത്യേക ബസുകൾ സർവീസ് നടത്തും.അവധിയോടനുബന്ധിച്ച് സ്വകാര്യ ബസുകളിലും ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. എന്നാൽ, അവധി അടുക്കാറാകുമ്പോഴത്തേക്ക് സ്വകാര്യ ബസുകൾ നിരക്ക് ഉയർത്തുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകും. തീവണ്ടികളിൽ ടിക്കറ്റ് നേരത്തേ തീർന്നിരുന്നു. ഇനി പ്രത്യേക തീവണ്ടികൾ അനുവദിക്കുന്നത് കാത്തിരിക്കുകയാണ് യാത്രക്കാർ.
പൊങ്കാല തിരക്കിൽ തിരുവനന്തപുരം, ആറ്റുകാലിൽ ഭക്തജനസാഗരo.
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി തലസ്ഥാന നഗരം. പൊങ്കാല ഇടാനെത്തിയവരെ കൊണ്ട്ക്ഷേത്ര പരിസരവും നഗരവീഥികളും നിറഞ്ഞിരിക്കുകയാണ്. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്.
കൊവിഡിനെ തുടര്‍ന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനത്തിരക്കാണുള്ളത്.