ബെംഗളൂരു:യാത്രക്കാരെ ബുദ്ധിമുട്ടിച്ചു ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള ആര്‍.ടി.സി. ബസ്സുകള്‍ .വാരാന്ത്യങ്ങളില്‍ ടിക്കറ്റ്നിരക്ക് കൂടുതല്‍ ഈടാക്കുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത് .യാത്രക്കാര്‍ കൂടുതലുള്ള വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് നിരക്ക് കൂടുതല്‍ ഈടാക്കുന്നത്. ഫ്ലക്സി നിരക്ക് ഈടാക്കാൻ ആര്‍.ടി.സി.കള്‍ക്ക് അധികാരമുണ്ടെങ്കിലും നിലവിലുള്ള നിരക്ക് കൂടുതലാണെന്ന് യാത്രക്കാര്‍ പറയുന്നു.കേരള ആര്‍.ടി.സി. ബസുകളിലാണ് വാരാന്ത്യങ്ങളില്‍ കൂടുതല്‍ നിരക്കുള്ളത്.കേരള ആര്‍.ടി.സി. 30 ശതമാനമാണ് ഈ ദിവസങ്ങളില്‍ നിരക്ക് ഉയര്‍ത്തിയിട്ടുള്ളത്. അതേസമയം, ചില സ്ഥലങ്ങളിലേക്കുള്ള എ.സി. ബസുകളില്‍ 50 ശതമാനത്തോളം നിരക്കുയര്‍ത്തിയതായി ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ വ്യക്തമാവുന്നു.
ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സ്വിഫ്റ്റ് ഗരുഡ എ.സി. സീറ്റര്‍ ബസുകളില്‍ വെള്ളിയാഴ്ചകളില്‍ 50 ശതമാനത്തോളമാണ് നിരക്ക് ഉയര്‍ത്തിയിട്ടുള്ളത്. മറ്റുദിവസങ്ങളില്‍ ഈ ബസില്‍ 600 രൂപയാണ് നിരക്ക് എന്നിരിക്കേ, വെള്ളിയാഴ്ചകളില്‍ 911 രൂപയാണ് ഈടാക്കുന്നത്. നോണ്‍ എ.സി. ബസുകളില്‍ 150 മുതല്‍ 200 രൂപ വരെയാണ് അധികം നല്‍കേണ്ടിവരുന്നത്.കര്‍ണാടക ആര്‍.ടി.സി. ബസുകളില്‍ 15 മുതല്‍ 25 ശതമാനം വരെയാണ് അധികനിരക്ക് ഈടാക്കുന്നത്. കര്‍ണാടക ആര്‍.ടി.സി.യില്‍ വര്‍ഷങ്ങളായി വെള്ളിയാഴ്ചകളില്‍ അധികനിരക്ക് ഈടാക്കുന്നുണ്ടെങ്കിലും കേരള ആര്‍.ടി.സി. അധിക നിരക്ക് ഏര്‍പ്പെടുത്താൻ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. ശനി, ഞായര്‍ അവധിയായതിനാല്‍ വെള്ളിയാഴ്ചകളിലാണ് ബെംഗളൂരു മലയാളികളില്‍ അധികം പേരും നാട്ടില്‍ പോകുന്നത്.