ബെംഗളൂരു: മണ്‍സൂണ്‍ ആണ് ഇനി വരാനിരിക്കുന്നത്. നഗരത്തിലെ നടപ്പാതകളില്‍ മഴവെള്ളം പതിക്കുമ്പോള്‍ അത് സാധാരണയായി കെട്ടിക്കിടക്കുകയും ഓടകള്‍ നിറയുകയും പുതുതായി ടാർ ചെയ്ത റോഡുകളെ നശിപ്പിക്കുകയും ചെയ്യാറുണ്ട്.എന്നാല്‍ ഇക്കുറി ആ ഭയം വേണ്ട, ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ബെംഗളൂരു സെൻട്രല്‍ സിറ്റി കോർപ്പറേഷൻ (ബിസിസിസി) ഒരുങ്ങുകയാണ്, ഓരോ നടപ്പാതയിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് അവർ അതിനുള്ള പദ്ധതി തയ്യാറാക്കുന്നത്.മണല്‍ ചേർക്കാത്ത ടാർ ഉപയോഗിച്ച് മഴവെള്ളം ആഗിരണം ചെയ്യുന്ന നടപ്പാതകള്‍ രൂപകല്‍പ്പന ചെയ്യും. ഇത് വെള്ളം നടപ്പാതയിലൂടെ താഴെയുള്ള കല്ല് പാകിയ ഡ്രെയിനേജ് സംവിധാനത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ കൂടുതല്‍ സഹായിക്കും. ഇതുവഴി മഴവെള്ളം വേഗത്തില്‍ ഭൂഗർഭജലനിരപ്പ് ഉയർത്തുകയും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഒരു സുസ്ഥിരമായ പരിഹാരമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ടാറില്‍ നിന്ന് മണല്‍ ഒഴിവാക്കുക എന്ന ഈ പ്രത്യേക നിർദ്ദേശം, കോർപ്പറേഷന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാടിനെ സൂചിപ്പിക്കുന്നു. ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യ പ്രതിസന്ധി എന്നത് ഒരു കാലാവസ്ഥാ പ്രതിസന്ധി കൂടിയാണെന്നും, അതിനാല്‍ നഗരവികസനത്തിനായുള്ള ചിലവുകള്‍ ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ച് തുടങ്ങണമെന്നുമാണ് ഈ ബജറ്റ് പറയുന്നത്.ഇക്കുറി പൊതുമരാമത്ത് പ്രവർത്തനങ്ങള്‍ക്കായി 1760 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. റോഡ് ടാറിംഗ്, മഴവെള്ളക്കാനകളുടെ നിർമ്മാണം, കാല്നടപ്പാതകളുടെ വികസനം, എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കല്‍, നീല-പച്ച ഇടനാഴികള്‍ നിർമ്മിക്കല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. കേടുപാടുകള്‍ തീർക്കുന്നതില്‍ നിന്ന് പുനർരൂപകല്പ്പനയിലേക്കും താല്‍ക്കാലിക പരിഹാരങ്ങളില്‍ നിന്ന് ദീർഘകാല പ്രതിരോധശേഷിയിലേക്കുമുള്ള ഒരു മാറ്റമാണ് ലക്ഷ്യമിടുന്നത്.റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഈ തുകയില്‍ ഏറിയ പങ്കും മാറ്റി വച്ചിരിക്കുന്നത്.കോർപ്പറേഷൻ 265 കിലോമീറ്റർ പ്രധാന റോഡുകളും 1346 കിലോമീറ്റർ വാർഡ് റോഡുകളും കൈകാര്യം ചെയ്യുന്നുണ്ട്.
ഈ ശൃംഖലയുടെ എല്ലാ മേഖലകളെയും ഒരേ സമയം വികസിപ്പിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.ഈ വർഷം മെയ് മാസത്തോടെ 145 കിലോമീറ്റർ പ്രധാന റോഡുകളുടെയും ഉപ-പ്രധാന റോഡുകളുടെയും വികസനത്തിനായി 217.5 കോടി രൂപയുടെ സംസ്ഥാന ഗ്രാന്റ് ലഭിക്കും. കൂടാതെ, മുഖ്യമന്ത്രിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് കീഴില്‍ 200 കോടി രൂപയ്ക്ക് 115 കിലോമീറ്റർ വാർഡ് റോഡുകളും 10 കമ്മ്യൂണിറ്റി കെട്ടിടങ്ങളും നിർമ്മിക്കുന്നതിന് പദ്ധതിയിട്ടിട്ടുണ്ട്.വെള്ളപ്പൊക്ക ലഘൂകരണം ഒരു പ്രധാന മുൻഗണനയായി മാറിയിട്ടുണ്ട്. ആസൂത്രണം ചെയ്ത 10.9 കിലോമീറ്റർ മഴവെള്ളക്കാന ശൃംഖലയില്‍ 8.1 കി.മീറ്റർ ഇതിനോടകം പൂർത്തിയായി. അടിയന്തര സഹായത്തില്‍ നിന്ന് ദീർഘകാല ഡ്രെയിനേജ് ആസൂത്രണത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ലോകബാങ്കിന്റെ സഹായത്തോടുകൂടിയ ‘ജലസുരക്ഷാ ദുരന്ത നിവാരണ പരിപാടി’ക്ക് കീഴില്‍ കോർപ്പറേഷൻ പ്രവർത്തനങ്ങള്‍ വിപുലീകരിക്കുകയാണ്.മാത്രമല്ല കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കും പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ട്. ‘സുരക്ഷാ’ പദ്ധതി പ്രകാരം 12 പ്രധാന ജംഗ്ഷനുകള്‍ ശാസ്ത്രീയമായി പുനർരൂപകല്‍പ്പന ചെയ്യും. ‘ഹെജ്ജെ ഹെജ്ജെഗെ സുരക്ഷെ’ എന്ന പദ്ധതിയിലൂടെ 50 കോടി രൂപയുടെ ചെലവില്‍ 50 കിലോമീറ്റർ കാല്‍നടപ്പാതകളും 15 കിലോമീറ്റർ പുതിയ നടപ്പാതകളും നവീകരിക്കുകയും ചെയ്യും. ഇത് നഗരവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാകും.