റിലീസ് ചെയ്ത് മൂന്ന് മാസം പിന്നിട്ട ശേഷവും രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ജൈത്രയാത്ര തുടരുകയാണ്. തിയേറ്ററില്‍ നിന്ന് ഒടിടിയില്‍ എത്തിയ ശേഷവും സിനിമയയെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നത്.അവസാനം ഇന്ത്യയും കടന്ന് ഹോളിവുഡില്‍ നിന്ന് വരെ ചിത്രത്തിന് അഭിനന്ദനം എത്തിക്കഴിഞ്ഞു. ബാറ്റ്മാന്‍ ബിയോണ്ട്, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ ജാക്സണ്‍ ലാന്‍സിങാണ് ആര്‍ആര്‍ആറിന് പ്രശംസയുമായി എത്തിയത്. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സ്വയം ചോദിക്കുന്ന ഒരു ചോദ്യം എന്ന രീതിയിലായിരുന്നു ട്വീറ്റ്. ഇതിന് ഉത്തരമെന്ന പോലെ രാംചരണിന്റെ ജിഫ് ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രുധിരം രണം രൗദ്രത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ലാന്‍സിങ്ങിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു ദിവസം… അഭിനന്ദനങ്ങളുടെ മറ്റൊരു റൗണ്ട് എന്നാണ് ടീം ആര്‍ആര്‍ആര്‍ കുറിച്ചിരിക്കുന്നത്.
ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, ആലിയഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയെ ചിത്രം ആയിരം കോടിയിലേറെ കളക്ഷനാണ് നേടിയത്. അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നീ കഥാപാത്രങ്ങളായാണ് രാംചരണും ജൂനിയര്‍ എന്‍ടിആറും ചിത്രത്തിലെത്തിയത്.