Home Featured ബംഗളൂരു-മൈസൂരു പാതയിലെ കവര്‍ച്ച; സംഘത്തിലെ ഏഴു മലയാളികള്‍ അറസ്റ്റില്‍

ബംഗളൂരു-മൈസൂരു പാതയിലെ കവര്‍ച്ച; സംഘത്തിലെ ഏഴു മലയാളികള്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു-മൈസൂരു പാതയില്‍ വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന ഏഴംഗ മലയാളി സംഘം അറസ്റ്റില്‍. കേരള വാഹനങ്ങളെ ലക്ഷ്യമിട്ടാണ് സംഘം കൊള്ള നടത്തിയിരുന്നത്.

ബംഗളൂരു-മൈസൂരു പാതയില്‍ രാത്രികാലങ്ങളിലെ കവര്‍ച്ച നടക്കാറുണ്ടെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിയാറില്ല. ഹൈവേ കവര്‍ച്ചക്ക് പിന്നില്‍ മലയാളി സംഘങ്ങളും ഉണ്ടെന്ന വിവരമാണ് അറസ്റ്റിലൂടെ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശികളായ ശശി (49), സിജോ ജോയ് (32), ജതിന്‍ (30), സുബി (30), കണ്ണൂര്‍ സ്വദേശികളായ നിഖില്‍ (34), അജീബ് (25), ആലപ്പുഴ സ്വദേശി അബ്ദുല്‍ ഖാദര്‍ ( 25) എന്നിവരെയാണ് മാണ്ഡ്യ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരില്‍നിന്ന് വടക്കാഞ്ചേരി രജിസ്ട്രേഷനിലുള്ള കാറും ഇരുമ്ബുവടി, കത്തി, കയര്‍, മുളകുപൊടി എന്നിവയും പൊലീസ് പിടിച്ചെടുത്തു. ബംഗളൂരു-മൈസൂരു പാതയിലെ ഹനകരെയില്‍ ആയുധങ്ങളുമായി ഒരു സംഘം റോഡരികില്‍ നില്‍ക്കുന്നതായ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. പൊലീസ് എത്തിയതോടെ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രാത്രിയില്‍ കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങളിലെത്തുന്നവരെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ തടഞ്ഞുനിര്‍ത്തി സംഘം കൊള്ളയടിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

മുളകുപൊടി വിതറലും കത്തിയും വടിവാളും കാണിച്ച്‌ ഭീഷണിപ്പെടുത്തിയുമാണ് യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നത്. മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍, പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുത്തശേഷം സ്ഥലത്തുനിന്നും കടന്നുകളയുന്നതാണ് രീതിയെന്നും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group