ചെന്നൈ:മലയാളിയുടെ കടയിലടക്കം മോഷണം നടത്തി ആറര ലക്ഷത്തോളം രൂപ തട്ടിയെടുത്ത ബെംഗളൂരു സ്വദേശിയെ അറസ്റ്റ് ചെയ്തു.ഫ്ലവർ ബസാർ പൊലീസ് സ്റ്റേഷന് എതിർ വശത്ത് ബാഗും ചെരിപ്പും കച്ചവടം നടത്തുന്ന കണ്ണൂർ സ്വദേശി പി.പി. മൂസയുടെ മെട്രോ പാലസ് എന്ന കടയിലാണ് കഴിഞ്ഞ ഒന്നിന് മോഷണം നടന്നത്. മൂസയുടെ കടയിൽ നിന്ന് 1.40 ലക്ഷം രൂപ നഷ്ടമായി.
അടുത്തുള്ള തുണിക്കടയിൽ നിന്ന് 5 ലക്ഷം രൂപയും മോഷണം പോയിരുന്നു.ഫ്ലവർ ബസാർ പൊലീസാണു സികെ പാളയം സ്വദേശി ആനന്ദിനെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽ കാറിലെത്തിയ ആൾ കടകളുടെ പൂട്ട് പൊളിക്കുന്നത് കണ്ടെത്തി.
കാറിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരു ചെട്ടിപ്പാളയത്തു നിന്ന് ആനന്ദിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 3,99,500 രൂപയും 3 ഫോണുകളും കണ്ടെത്തി. കാറും പൂട്ട് പൊളിക്കാൻ ഉപയോഗിച്ച കമ്പിയും മുഖംമൂടി, കയ്യും തുടങ്ങിയവയും പിടിച്ചെടുത്തു.
ബെംഗളൂരുവിൽ വിവിധ സ്റ്റേഷനുകളിലായി 10 ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ഹൊസൂർ സ്റ്റേഷനിൽ 19 മോഷണക്കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.