Home Featured ബെംഗളൂരു:നഗരത്തിൽ കുതിച്ചുയർന്ന് വാടക; 30 ശതമാനം വർധനവ്

ബെംഗളൂരു:നഗരത്തിൽ കുതിച്ചുയർന്ന് വാടക; 30 ശതമാനം വർധനവ്

ബെംഗളൂരു നഗരത്തിൽ താമസിക്കാൻ ഒരു മുറിയോ വീടോ വാടകയ്ക്ക് കണ്ടെത്തുന്നത് ഇന്ന് ഒരു ജോലി കണ്ടെത്തുന്നതിനേക്കാൾ ശ്രമകരമായ കാര്യമാണ്. സൗകര്യങ്ങൾ തീരെ കുറഞ്ഞ വീടുകൾക്ക് പോലും ശമ്പളത്തിന്റെ നല്ലൊരു വിഹിതം വാടകയായി നൽകേണ്ടിവരും. ഏതാനും വർഷങ്ങളായി ഈ ട്രെൻഡ് മാറ്റമില്ലാതെ തുടരുന്നു എന്നുമാത്രമല്ല വാടകനിരക്ക് കുതിച്ചുയരുന്ന സാഹചര്യവും നിലവിലുണ്ട്.ബെംഗളൂരു നഗരത്തിലെ വാടക 31 ശതമാനം വർധിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് ബെംഗളൂരുവിലെ മാത്രം കാര്യമല്ല. പുണെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും വാടക നിരക്ക് നാൾക്കുനാൾ വർധിച്ചുവരികയാണ്.

2023ലെ കഴിഞ്ഞ ഒൻപതു മാസത്തെ കണക്കെടുത്താൽ രാജ്യത്തെ മുൻനിര നഗരങ്ങളിലാകെ വാടകയിൽ ശരാശരി 30 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. അതിൽ ഐടി ഹബ്ബായ ബെംഗളൂരുവാണ് മുന്നിൽ. നഗരത്തിലെ സുപ്രധാന മേഖലയായ വൈറ്റ്ഫീൽഡിൽ വാടക നിരക്ക് 31ശതമാനം വർധിച്ചിട്ടുണ്ട്. വൈറ്റ്ഫീൽഡിൽ 1000 ചതുരശ്ര അടി വിസ്തീർണമുള്ള 2 BHK വീടിന് ശരാശരി പ്രതിമാസ വാടക 2022 ന്റെ അവസാന പാദത്തിൽ 24,600 രൂപയായിരുന്നു. എന്നാൽ 2023 സെപ്റ്റംബർ ആയപ്പോഴേക്കും ഇത് 28,500 രൂപയായി ഉയർന്നു.വാടക നിരക്കിൽ രണ്ടാം സ്ഥാനത്ത് ഹൈദരാബാദാണ്. നഗരത്തിന്റെ ആകെ കണക്കെടുത്താൽ വാടക നിരക്കിൽ 24 ശതമാനമാണ് വർധിച്ചിരിക്കുന്നത്. ഹൈടെക് സിറ്റി ഏരിയയിൽ വാടക 16 ശതമാനം ഉയർന്നപ്പോൾ ഗച്ചിബൗളിയിൽ 24 ശതമാനം വർധന രേഖപ്പെടുത്തി.

മറ്റൊരു പ്രധാന ഐടി മേഖലയായ പുണെയാണ് വാടക നിരക്ക് ഉയർത്തിയതിൽ രാജ്യത്ത് മൂന്നാംസ്ഥാനത്തുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് ഇവിടെ വാടക നിരക്ക് 17ശതമാനം വർധിച്ചിട്ടുണ്ട്. ഹിബ വാഡി മൈക്രോ മാർക്കറ്റ് മേഖലയിലാണ് വാടക ഏറ്റവും അധികം ഉയർന്നിരിക്കുന്നത്.ചുരുങ്ങിയ കാലംകൊണ്ട് വാടക നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യം ശരാശരി കുടുംബങ്ങൾക്ക് വലിയ സാമ്പത്തികബാധ്യതയാണ് സൃഷ്ടിക്കുന്നത്.കുടുംബബജറ്റിൽ നല്ലൊരു തുക വാടകയിലേക്ക് പോകുന്നത് അവരെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കുന്നു.

തന്മൂലം പരിമിതമായ സൗകര്യങ്ങളിൽ പോലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ തൊഴിൽ തേടി നഗരത്തിലേക്കെത്തുന്നവർ നിർബന്ധിതരാകുന്നു. നിരക്ക് ഉയർന്നതിനൊപ്പം വാടകവീടുകളുടെ ഡിമാൻഡിൽ കുറവ് വരാത്തത് മൂലം നിക്ഷേപകരും കെട്ടിട നിർമ്മാണ മേഖലയിലേക്ക് അധികമായി പണം ഇറക്കുന്നുണ്ട്. വാടകയ്ക്ക് വിട്ടുകൊടുക്കാനായി മുതൽമുടക്കി വീടുകൾ നിർമിച്ചിരിക്കുന്ന ഉടമകൾക്ക് മികച്ച ലാഭമാണ് ഈ നഗരങ്ങളിൽ ഇപ്പോൾ ലഭിക്കുന്നത്.ബെംഗളൂരുവിൽ ഇത്തരത്തിൽ ലഭിക്കുന്ന വാടക ലാഭം കോവിഡ് കാലത്തിനു മുൻപ് 3.6 ശതമാനമായിരുന്നുവെങ്കിൽ ഇപ്പോഴത് 4.35 ശതമാനത്തിൽ എത്തി. മറ്റു നഗരങ്ങളിലെ കാര്യവും വ്യത്യസ്തമല്ല. പ്രോപ്പർട്ടി കൺസൾട്ടൻസിയായ അനറോക്കാണ് വാടക നിരക്കിൽ ഉണ്ടായ വർധന സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group