ബംഗ്ലൂര്‍: സ്വകാര്യ സ്‌കൂളിന്റെ കോണിപ്പടികളിലും ചുവരുകളിലും റോഡുകളിലും തെരുവുകളിലുമെല്ലാം ചുവന്ന പെയിന്റുകൊണ്ട് ‘സോറി’ എന്ന് വരച്ചു. വടക്കുപടിഞ്ഞാറന്‍ ബംഗ്ലൂറിലെ സുങ്കടക്കാട്ടെയിലെ ഒരു സ്വകാര്യ സ്‌കൂളിന്റെ പരിസരത്തും ചുറ്റുമുള്ള തെരുവുകളിലുമാണ് അക്രമികള്‍ ‘സോറി’ എന്ന് വരച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. കോണിപ്പടികളിലും ചുവരുകളിലും റോഡുകളിലും ചുവന്ന അക്ഷരങ്ങളില്‍ വരച്ചിരിക്കുന്ന വാക്ക് കണ്ട് നാട്ടുകാരും സ്‌കൂള്‍ അധികൃതരും ഞെട്ടി. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തതില്‍ അസ്വസ്ഥരായ ചില വിദ്യാര്‍ഥികളുടെ കൈപ്പുണ്യമാകാം ഇതെന്ന് സ്‌കൂള്‍ അധികൃതര്‍ സംശയിക്കുന്നതായും എന്നാല്‍, ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
രണ്ട് പേര്‍ ബൈകില്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഫുഡ് ഡെലിവറി ബോയ്സ് സാധാരണയായി ഉപയോഗിക്കുന്ന ഒരു വലിയ ബാഗും ഇവര്‍ എടുത്തിരുന്നു. അതിനുശേഷം അവര്‍ പെയിന്റ് എടുത്ത് ആ പ്രദേശത്തുടനീളം ‘സോറി’ എന്ന് എഴുതുന്നതും കാണാം. ഇരുവരെയും കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്. കര്‍ണാടക ഓപണ്‍ പ്ലേസ് നിയമപ്രകാരം സംഭവം കുറ്റകരമാണെന്ന് പൊലീസ് അറിയിച്ചു.