റെക്കോര്‍ഡുകള്‍ തകര്‍ത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ഇന്ത്യയിലും വിദേശത്തുമായി പ്രേക്ഷകരാല്‍ തിങ്ങി നിറഞ്ഞാണ് സിനിമയുടെ ഓരോ പ്രദര്‍ശനവും നടക്കുന്നത്.ചിത്രത്തിലെ ഡയലോഗുകളും പാട്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. എന്നാല്‍ റോക്കി ഭായിയുടെ വിഹാരകേന്ദ്രമായ, സ്വര്‍ണ്ണം ഒളിഞ്ഞുകിടക്കുന്ന കെജിഎഫ് യഥാര്‍ത്ഥത്തില്‍ എവിടെയാണെന്ന് അറിയുമോ?
സിനിമയില്‍ മാത്രമല്ല.. ഇന്ത്യയില്‍ തന്നെയുണ്ട് യഥാര്‍ത്ഥ കെജിഎഫ്.. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കോലാര്‍ സ്വര്‍ണ്ണഖനി(Kolar Gold Fields/KGF) രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഖനികളില്‍ ഒന്നാണ്. ഇന്ത്യയുടെ സ്വന്തം സ്വര്‍ണ്ണഖനിയായ കോലാറില്‍ ഖനനം നിലച്ചിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. കുറഞ്ഞ ധാതുനിക്ഷേപവും, വര്‍ധിച്ച ഉല്പാദനച്ചെലവും മൂലം 2004ലാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.
ഗതകാലപ്രതാപത്തിന്റെ സ്മരണയില്‍ മയങ്ങുന്ന ഖനികളുടെയും മനുഷ്യരുടെയും തുടിപ്പുകള്‍ ഇന്നും ഇവിടെയെത്തിയാല്‍ അനുഭവിച്ചറിയാന്‍ കഴിയും. നൂറ്റാണ്ടുകള്‍ മുമ്ബ് മുതല്‍ ഇവിടെ ചെറിയ തോതിലുള്ള സ്വര്‍ണ്ണഖനനം നടന്നിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്താണ് കൂടുതല്‍ കാര്യക്ഷമമായ ഖനനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
1802-ല്‍ ലെഫ്റ്റനന്റ് ജോണ്‍ വാറന്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്ബനിക്കായി സര്‍വേ നടത്തുന്നതിനിടയിലാണ് ഈ മേഖലയിലെ സ്വര്‍ണനിക്ഷേപത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. 1873-ഓടെയാണ് ഇവിടെ ആധുനികരീതിയിലുള്ള ഖനനം ആരംഭിക്കുന്നത്. 1953 ജൂണ്‍ മാസത്തില്‍ ഇവിടത്തെ ഊറെഗം ഖനിയുടെ ആഴം 9,876 അടി വരെയെത്തി.
അക്കാലത്ത് ഏറ്റവും ആഴമേറിയ ഖനിയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. ഇവിടത്തെ ഖനികളില്‍ അവശേഷിക്കുന്ന സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കാനുള്ള പരിശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇനിയെന്നെങ്കിലും ഇവിടത്തെ സ്വര്‍ണ്ണഖനനം പുനരാരംഭിക്കുമെന്നും കോലാറിന്റെ സുവര്‍ണകാലം തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയിലാണ് പിന്‍മുറക്കാര്‍.