ബെംഗളൂരു : കഴിഞ്ഞ വർഷം ഐപിഎല്‍ വിക്ടറി പരേഡിനിടെ നടന്ന ദുരന്തത്തില്‍ മരിച്ചവർക്ക് ആദരവുമായി ആർസിബി. സീസണിലെ എല്ലാ മത്സരങ്ങളിലും സ്റ്റേഡിയത്തില്‍ 11 സീറ്റുകള്‍ ഒഴിച്ചിടുമെന്ന് ഫ്രാഞ്ചൈസിയും കർണാടക ക്രിക്കറ്റ് ബോർഡും പ്രഖ്യാപിച്ചു.കഴിഞ്ഞ ജൂണ്‍ നാലിനായിരുന്നു ഒരു പതിനാല് വയസുകാരൻ ഉള്‍പ്പടെ 11 പേർ മരണപ്പെട്ട ആർസിബി വിക്ടറി പരേഡ് അരങ്ങേറിയത്.സ്റ്റേഡിയത്തിലെ പ്രധാന ഗാലറികളില്‍ ഒന്നില്‍ അടുത്തടുത്ത് വരുന്ന 11 സീറ്റുകളാണ് മരണപ്പെട്ടവരുടെ ഓർമയില്‍ ഒഴിച്ചിടാൻ ഒരുങ്ങുന്നത്. തുടർന്ന് ഭാവിയില്‍ ഈ രീതി തുടരുവാനും ആലോചനയുണ്ട്. ജീവൻ നഷ്ടമായ 11 പേരുടെയും പേരുകള്‍ ആദ്യ മത്സരത്തില്‍ സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ തെളിയും. ഇവരുടെ പേരുകള്‍ കൊത്തിവെച്ച ഒരു ഫലകവും സ്റ്റേഡിയത്തില്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.’ഈ പ്രവർത്തികള്‍ ആ കുടുംബങ്ങളുടെ വേദനക്ക് പരിഹാരം ആവില്ലെങ്കിലും അവരുടെ ഓർമകളെ നിലനിർത്താൻ സഹായിക്കും. കർണാടക ക്രിക്കറ്റ് ബോർഡും ഫ്രാഞ്ചൈസിയും സംയുക്തമായാണ് ഈ നടപടികള്‍ സ്വീകരിക്കുന്നത്’ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് വെങ്കടേഷ് പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.