
ചെറിയ മൂല്യമുള്ള യുപിഐ (UPI) ഇടപാടുകള്‍ക്ക് ഒരു പുതിയ “ഓണ്‍-ഡിവൈസ്” വാലറ്റ് സംവിധാനം പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) അറിയിച്ചു.ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള യുപിഐ പേയ്മെന്റ് സംവിധാനമാണ് ആര്‍ബിഐ (RBI) പുറത്തിറക്കുക. ഡിസംബര്‍ 8ന് പുറത്തിറക്കിയ ‘വികസന, നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവന’യിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ചെറിയ മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നതിനും ഫീച്ചര്‍ ഫോണുകള്‍ വഴിയുള്ള യുപിഐ പേയ്മെന്റ് ജനപ്രിയമാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ചത്.
യുപിഐ ഫീച്ചര്‍ ഫോണ്‍
നിലവില്‍, ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് *99# എന്ന ഷോര്‍ട്ട് കോഡ് ഉപയോഗിച്ച് അടിസ്ഥാന പേയ്മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു ഓപ്ഷനായി NUUP (നാഷണല്‍ യൂണിഫൈഡ് USSD പ്ലാറ്റ്ഫോം) ഉപയോഗിക്കാം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ആര്‍ബിഐ അറിയിച്ചു. ആര്‍ബിഐയുടെ പ്രസ്താവന പ്രകാരം, ഇന്ത്യയില്‍ ഏകദേശം 118 കോടി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഉണ്ട്. അതില്‍ 74 കോടി പേര്‍ക്കും സ്മാര്‍ട്ട്ഫോണുകളുണ്ട്.
ചെറിയ തുകയുടെ ഇടപാടുകള്‍ നടത്താം
ചെറിയ തുകയുടെ പണമിടപാടുകള്‍ക്കും ഡിജിറ്റല്‍ സേവനം ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാരംഭ ലക്ഷ്യങ്ങളിലൊന്നെന്ന് ആര്‍ബിഐ അറിയിച്ചു. “യുപിഐ വഴിയുള്ള 50 ശതമാനം ഇടപാടുകളും 200 രൂപയില്‍ താഴെയാണെന്നാണ് ചില വിശകലന റിപ്പോര്‍ട്ട്. ഇത് ഡിജിറ്റല്‍ ഇടപാടുകളുടെ വിജയത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം ഇടപാടുകള്‍ പരാജയപ്പെടുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്” ആര്‍ബിഐ പറയുന്നു. അതിനാല്‍, യുപിഐ ആപ്പിലെ “ഓണ്‍-ഡിവൈസ്” വാലറ്റിലൂടെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നതിനാണ് ആര്‍ബിഐ പ്രാധാന്യം നല്‍കുന്നത്. ഇത് ഉപഭോക്താളുടെ ഇടപാടുകള്‍ സുഗമമാക്കുമെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു.
– 20 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ Whatsapp നിരോധിച്ചു; വാട്സ്ആപ്പ് അക്കൗണ്ട് നിരോധിക്കപ്പെടാനുള്ള 8 കാരണങ്ങള്‍
റീട്ടെയില്‍ ഡയറക്ട് സ്കീമിനും ഐപിഒ ആപ്ലിക്കേഷനുകള്‍ക്കുമായി യുപിഐ ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്താനും സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2022 ജനുവരി മുതല്‍ നിശ്ചിത പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ കൂടുതല്‍ ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ഒരു അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിസംബറോടെ ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. വരും കാലങ്ങളില്‍ കറന്‍സി കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതുമായ രീതി മാറ്റാന്‍ കഴിയുന്ന ഒരു കണ്ടുപിടിത്തമായിരിക്കും ഇത്. എന്നാല്‍ ഇത് ഭൗതികമായ പണത്തിന് പകരമുള്ളതോ ക്രിപ്റ്റോകറന്‍സികളോ അല്ല.