വെറും ആറ് വര്‍ഷം കൊണ്ട് നാല് ഇന്‍ഡസ്ട്രികളില്‍ തന്‍റെ സാന്നിധ്യം അറിയിച്ച നടിയാണ് രശ്മിക മന്ദാന. കന്നഡ ചിത്രം കിരിക് പാര്‍ട്ടിയിലൂടെ 2016 ല്‍ അരങ്ങേറ്റം കുറിച്ച രശ്മിക പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചു. റിലീസിനൊരുങ്ങിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ഹിന്ദിയിലാണ്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാവുന്ന സ്പൈ ത്രില്ലര്‍ ചിത്രം മിഷന്‍ മജ്നുവാണ് ഇത്. ഈ ചിത്രത്തിന്‍റെ ഒരു പ്രൊമോഷണല്‍ വേദിയില്‍ രശ്മിക നടത്തിയ ഒരു പരാമര്‍ശം തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ വിമര്‍ശനത്തിന് വഴിവച്ചിരിക്കുകയാണ്.
ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് സംസാരിക്കവെ ബോളിവുഡിലാണ് നല്ല പ്രണയ ഗാനങ്ങള്‍ ഉള്ളതെന്നും മറിച്ച് തെന്നിന്ത്യയില്‍ ഐറ്റം നമ്പറുകളാണ് ഉള്ളതെന്നുമാണ് രശ്മിക പറഞ്ഞത്. എന്നെ സംബന്ധിച്ച് വളര്‍ന്നുവരുന്ന പ്രായത്തില്‍ പ്രണയ ഗാനങ്ങള്‍ എന്നു പറഞ്ഞാല്‍ ബോളിവുഡ് ഗാനങ്ങള്‍ ആയിരുന്നു. തെന്നിന്ത്യയില്‍ ഞങ്ങള്‍ക്ക് മാസ് മസാല, ഐറ്റം നമ്പേഴ്സ് ഒക്കെയാണ് ആ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇതാണ് എന്റെ ആദ്യത്തെ ബോളിവുഡ് റൊമാന്റിക് ഗാനം. അതിന്റെ വലിയ ആവേശത്തിലാണ് ഞാന്‍. വളരെ നല്ല ഗാനമാണ് അത്. നിങ്ങളേവരും അത് കേള്‍ക്കുന്നതിനായി കാത്തിരിക്കുകയാണ് ഞാന്‍, രശ്മിക മന്ദാന പറഞ്ഞു.
ബോളിവുഡില്‍ ഒരു അവസരം കിട്ടിയപ്പോള്‍ തെന്നിന്ത്യന്‍ സിനിമയെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നാണ് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ വിമര്‍ശനം. തെലുങ്ക് സിനിമയില്‍ ആദ്യമായി അവസരം കിട്ടിയപ്പോള്‍ സമാന രീതിയില്‍ കന്നഡ സിനിമയെ രശ്മിക തള്ളിപ്പറഞ്ഞിട്ടുണ്ടെന്ന് ചിലര്‍ പറയുന്നു. വേദിയില്‍ നിന്നുള്ള രശ്മികയുടെ വീഡിയോ ട്വിറ്ററില്‍ വൈറല്‍ ആയിട്ടുണ്ട്.
അതേസമയം രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് മിഷന്‍ മജ്നു. അമിതാഭ് ബച്ചനൊപ്പമെത്തിയ ഗുഡ് ബൈ ആയിരുന്നു ആദ്യ ചിത്രം. ശന്തനു ബാഗ്‍ചിയാണ് മിഷന്‍ മജ്നുവിന്‍റെ സംവിധാനം. പര്‍മീത് സേഥി, ഷരിബ് ഹാഷ്മി, മിര്‍ സര്‍വാര്‍, സക്കീര്‍ ഹുസൈന്‍, കുമുദ് മിശ്ര, അര്‍ജന്‍ ബജ്‍വ, രജിത് കപൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ആദ്യം തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം അതൊഴിവാക്കി ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് എത്തുക. നെറ്റ്ഫ്ലിക്സിലൂടെ ജനുവരി 20 ന് എത്തും.
വിദ്വേഷ പ്രസംഗം; പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ പൊലീസ് കേസ്
കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ഭാരതീയ ജനതാ പാര്‍ട്ടി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ പൊലീസ് കേസെടുത്തു.
ശിവമോഗ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എച്ച്.എസ് സുന്ദരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടെ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഭോപ്പാല്‍ എംപിക്കെതിരെ 153 എ, 153 ബി, 268, 295 എ, 298, 504, 508 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ ഒരു ഹിന്ദു അനുകൂല സംഘടന സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് പ്രഗ്യാ സിംഗ് വിദ്വേഷ പരാമര്‍ശം നടത്തിയത്. സ്വയം പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും, വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും ബിജെപി എംപി ആഹ്വാനം ചെയ്തിരുന്നു.