ബെംഗളുരു • അനധികൃതമായി സർവീസ് നടത്തിയ 120 ബൈക്ക് ടാക്സികൾ പിടിച്ചെടുത്തു. റാപിഡോ കമ്പനിയുടെ ടാക്സികളാണ് യശ്വന്ത്പുര ആർടിഒയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഗതാഗതവകുപ്പിന്റെ അനുമതിയില്ലാതെയാണ് സ്വകാര്യ ബൈക്കുകൾ ഇവർ ടാക്സികളാക്കി മാറ്റിയിരുന്നത്. ഓട്ടോ-വെബ് ടാക്സി ഡ്രൈവർമാരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി.
ഇൻഷുറൻസ് പോലുമില്ലാതെ നടത്തുന്ന സർവീസിൽ യാത്രക്കാർക്ക് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം പോലും ലഭിക്കില്ല. ബൈക്ക് ടാക്സികൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ചുള്ള നടപടി ക്രമങ്ങൾ വകുപ്പിന്റെ പരിഗണനയിലാണ്.