കോയമ്പത്തൂർ: ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് തീവണ്ടിയുടെ വിജയം അടിസ്ഥാനമാക്കി ഇതേറൂട്ടിൽ ബെംഗളൂരുവിലേക്ക് കൂടി വന്ദേഭാരത് അനുവദിക്കണമെന്ന് റെയിൽ യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.പൂജാ അവധി, ദീപാവലി, പുതുവർഷം എന്നിവ പ്രമാണിച്ചുള്ള തിരക്ക് മുന്നിൽക്കണ്ട് സെപ്റ്റംബർ 15-നകം തീവണ്ടി അനുവദിക്കണമെന്നാണ് ആവശ്യം. നിലവിലുള്ള ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് സർവീസ് വൻ വിജയമാണെന്ന് അധികൃതർ പറഞ്ഞു. രണ്ടു മാസത്തിനപ്പുറമുള്ള ടിക്കറ്റുകളുടെ ബുക്കിങ് വരെ പൂർത്തിയായി. നിശ്ചിതവേഗതയിൽ ഓടുന്ന തീവണ്ടിയായതിനാൽ എന്നും തിരക്കുണ്ട്.കോയമ്പത്തൂരിൽനിന്ന് ബെംഗളൂരുവിലേക്ക് പകൽവണ്ടികളുടെ എണ്ണം കുറവായതിനാൽ ഈ റൂട്ടിൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ആവശ്യത്തിന് തീവണ്ടി സർവീസ് ഇല്ലാത്തിനാൽ സ്വകാര്യ ബസ്സുകാർ ടിക്കറ്റ് നിരക്കിൽ വൻവർധനയാണ് വരുത്തുന്നത്.പുതിയ വന്ദേഭാരത് വന്നപ്പോൾ ചെന്നൈ യാത്ര സുഗമമായ പോലെ കോയമ്പത്തൂരിൽനിന്ന് ബെംഗളൂരുവിലേക്ക് കൂടി വന്ദേഭാരത് തീവണ്ടി വേണം. ഐ.ടി, ബിസിനസ് മേഖലകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ആളുകൾ ദിവസവും കോയമ്പത്തൂർ-ബെംഗളൂരു റൂട്ടിൽ സഞ്ചരിക്കുന്നുണ്ട്.രാവിലെ 6.30-ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് സേലം, കോയമ്പത്തൂർ സ്റ്റേഷനുകൾ വഴി വൈകീട്ട് ഏഴിന് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽനിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് രാത്രി എട്ടിന് ചെന്നൈയിൽ എത്തുന്ന വിധത്തിലാണ് സർവീസ് നടത്തേണ്ടതെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
രാജ്യത്ത് ഒറ്റദിവസം നശിപ്പിച്ചത് 1.40 ലക്ഷം കിലോ മയക്കുമരുന്ന്
രാജ്യമെമ്ബാടും ഒറ്റ ദിവസം കൊണ്ട് നശിപ്പിച്ചത് 2378 കോടി രൂപ വിപണിവില വരുന്ന 1.40 ലക്ഷം കിലോഗ്രാം മയക്കുമരുന്ന്.ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓണ്‍ലൈൻ സാന്നിധ്യത്തിലാണിത്.ആന്റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്‌സിന്റെ സഹകരണത്തോടെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി.) യാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇത്രയും മയക്കുമരുന്ന് നശിപ്പിച്ചത്. ഇതോടെ നരേന്ദ്രമോദി ഭരണത്തിലേറിയശേഷം നശിപ്പിക്കുന്ന മയക്കുമരുന്നുകളുടെ അളവ് 10 ലക്ഷം കിലോ കവിഞ്ഞു. ഇതിന് ഏകദേശം 12,000 കോടിയോളം രൂപ വിലവരും.
രാജ്യത്തെ യുവജനങ്ങളെ മയക്കുമരുന്ന് പിടിയില്‍നിന്ന് മുക്തമാക്കുകയാണ് ലക്ഷ്യമെന്നും സ്വാതന്ത്ര്യത്തിന്റെ അമൃത വര്‍ഷത്തില്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും അമിത് ഷാ പറഞ്ഞു. ‘മയക്കുമരുന്നു കടത്തും ദേശീയ സുരക്ഷയും’ എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാറിന്റെ ഭാഗമായായിരുന്നു പരിപാടി. എല്ലാവരുടെയും സഹകരണത്തിലൂടെ മയക്കുമരുന്നിനെതിരായ പ്രചാരണം വിജയിപ്പിക്കാൻ സാധിക്കുമെന്ന് ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു.